കോവിഡ്; ബാധിച്ച പോലീസുകാരന്റെ മരണം; ചികിത്സയില്‍ അനാസ്ഥയെന്ന് ബന്ധുക്കള്‍
കോവിഡ് ബാധിച്ച് പോലീസുകാരന് മരിച്ച സംഭവത്തില്‍ ട്രെയിനിംഗ് വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍. കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ട്രെയിനിങ് സെന്ററിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പോ തയ്യാറായില്ല, ആവശ്യമായ ചികില്‍സ ലഭിക്കാത്തതുമൂലമാണ് മരിച്ചതെന്ന് ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്കാണ് 29 കാരനായ ഹരിഷ് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് മരിക്കുന്നത്. ക്വാറന്റിനിലായപ്പോള്‍ പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഹരീഷ് പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ടെസ്റ്റ് നടത്തിയത്. കലശലായ വയറിളക്കവും ഛര്‍ദിയുമുണ്ടായിട്ടും അക്കാദമിയിലെ ഒറ്റമുറിയില്‍ രണ്ടുദിവസം പിന്നെയും കഴിയേണ്ടി വന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നു. എന്നിട്ടും ആശുപത്രിയിലേക്ക് മാറ്റിയില്ല. പിറ്റേന്ന് വൈകീട്ട് മൂന്നുമണിക്കാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഏഴുമണി കഴിഞ്ഞിട്ടും ഡോക്ടര്‍ വന്നില്ല. അവശനിലയിലായ ഹരീഷിനെ രാത്രി 11 മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. ബന്ധുക്കള്‍ പറയുന്നു.
ഏഴുമാസം മുന്‍പാണ് ഹരീഷ് ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററില്‍ എത്തുന്നത്. ഹരീഷിന്റെ ജോലിയെ ആശ്രയിച്ചാണ് അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ആദരങ്ങളോടെയായിരുന്നു സംസ്കാരം.