NEWS

അമ്പതിന്റെ നിറവില്‍ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മന്‍ചാണ്ടി

പുതുപ്പള്ളിയില്‍ നിന്നൊരു പ്രകാശം കേരള രാഷ്ട്രീയത്തില്‍ എരിഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷം തികയുകയാണ്. അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നു. തന്നെ കാണാന്‍ വരുന്നവരെ ചിരിച്ച മുഖത്തോടെയല്ലാതെ ഉമ്മന്‍ചാണ്ടി ഇന്നുവരെ എതിരേറ്റിട്ടില്ല. അവരുടെ സങ്കടങ്ങള്‍ കൂടിരുന്ന് കേള്‍ക്കാനും, പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം കാണിക്കാറുള്ള മനസു തന്നെയാണ് അദ്ദേഹത്തെ ഇത്രത്തോളം ജനപ്രിയനാക്കി മാറ്റിയതും പുതുപ്പള്ളിക്കാരേ പോലെ കേരളത്തിലങ്ങളോമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കാന്‍ സാധിച്ചതും.

പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹം അന്നും ഇന്നും കുഞ്ഞൂഞ്ഞാണ്. 1970 ല്‍ പുതുപ്പള്ളിയില്‍ നിന്നും ഉയര്‍ന്ന് വന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. അന്നു മുതല്‍ ഇന്നുവരെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിച്ച് നിയമസഭയിലെത്തുക എന്ന അപൂര്‍വ്വ നേട്ടം കൂടി ഈ അന്‍പതിന്റെ നിറവില്‍ അദ്ദേഹത്തിനുണ്ട്. മത്സരം നേരിട്ട ഘട്ടത്തിലെല്ലാം അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

1970 കളില്‍ തനിക്കൊപ്പം നിയമസഭയിലെത്തിയ പല യുവ രാഷ്ട്രീയ പ്രവര്‍ത്തകരും പാതി വഴിയില്‍ വീണപ്പോഴും ഉമ്മന്‍ചാണ്ടി പൂര്‍വ്വാധികം ശക്തിയായി കുതിച്ചുകൊണ്ടിരുന്നു. കൂടെയെത്തിയ പലര്‍ക്കും സാധ്യമാവാതെ പോയ മന്ത്രി പദം തന്നെ അദ്ദേഹം കരസ്ഥമാക്കി. അതും മൂന്ന് തവണ. നാലാം വട്ടം മുഖ്യമന്ത്രിയായി അദ്ദേഹം കേരള ജനതയുടെ മുഴുവന്‍ നായകനായി മാറി.

രാഷ്ട്രീയത്തിനും ജനസേവനത്തിനും വേണ്ടി ഒഴിഞ്ഞ് വെച്ചതാണ് ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയുടെ ജീവിതം. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തെ മാറ്റങ്ങളെയും മുന്നേറ്റങ്ങളേയും നിയന്ത്രിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

കെ.എസ്.യു വിലൂടെയും യൂത്ത് കോണ്‍ഗ്രസ്സിലൂടെയും സംസ്ഥാന കോണ്‍ഗ്രസ്സിന്റെ നേതൃത്വ നിരയിലെത്തിയ വ്യക്തിയാണ് അദ്ദേഹം. തന്റെ ഇരുപത്തിയേഴാം വയസില്‍ അദ്ദേഹം എംഎല്‍എ ആയതിന് ശേഷം നിയമസഭ മാത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. മുകളിലേക്ക് ചവിട്ടിക്കയറാന്‍ പടവുകള്‍ ഉണ്ടായിരുന്നിട്ടും അതിന് ശ്രമിക്കതാരുന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.

1958 ലെ കെ.എസ്.യു വിന്റെ ഒരണ സമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. 1965 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1969 ല്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റുമായി. രണ്ടു വട്ടം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ആദ്യമായി എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1977 ല്‍ തന്റെ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യമായി മന്ത്രിയാവുന്നത്. തൊഴില്‍ വകുപ്പായിരുന്നു ആദ്യ തവണ കൈ കാര്യം ചെയ്തത്. പിന്നീട് ആഭ്യന്തരവും, ധനമന്ത്രി പദവും അദ്ദേഹം അലങ്കരിച്ചു. എ.കെ ആന്റണി രാജി വെച്ചതിനെ തുടര്‍ന്ന് 2004 മുതല്‍ 2006 വരെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് 2011 ലാണ് ആ പദവിയില്‍ തിരിച്ചെത്തുന്നത്.

എത്രയൊക്കെ സ്ഥാനമാനങ്ങളും അധികാരങ്ങളും കിട്ടിയാലും താനൊരു പുതുപ്പള്ളിക്കാരനാണെന്ന് മനസ് തുറന്ന്, ചിരിച്ചു കൊണ്ട് പറയാന്‍ അദ്ദേഹം ശീലിച്ചിരുന്നു. പുതുപ്പള്ളിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം അളവറ്റതാണ്. അതുകൊണ്ട് തന്നെയാണ് ഉമ്മന്‍ചാണ്ടിയെന്നാല്‍ പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെയെന്ന് ചുരുക്കി പറയാന്‍ പറ്റുന്നത്.

Back to top button
error: