തൃശ്ശൂർ: സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥികളിൽ നിന്നു പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ഷാജഹാൻ പെരുവല്ലൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂർ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമാണ് ഷാജഹാൻ. 2018 ൽ ഈ സംഘത്തിൽ അപ്‌റൈസർ, അറ്റെൻഡർ തസ്തികയിലേക്ക് ഒഴിവകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വിവിധ ഉദ്യോഗാർഥികളിൽ നിന്നായി 75 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്. തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ നിന്നാണ് പാവറട്ടി എസ്എച്ച്ഒ എംകെ രമേഷും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.
ഉദ്യോഗാർഥികളെ വിശ്വാസത്തിൽ എടുക്കാനായി പരീക്ഷ, അഭിമുഖം എന്നിവ നടത്തുകയും തിരഞ്ഞെടുത്തവർക്ക് വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തതായി പോലീസ് പറഞ്ഞു. കാെവിഡ് കാലഘട്ടം മുതലെടുത്തു വീട്ടിലിരുന്നു ജോലി എന്ന നിലയിൽ ആദ്യ ശമ്പളം ഉദ്യോഗാർഥികളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുകയും തുടർന്ന് ജോലിക്കായി പറഞ്ഞുറപ്പിച്ച തുക മുഴുവൻ കൈപ്പറ്റുകയും ചെയ്യുകയായിരുന്നു. പിന്നീട് ശമ്പളം ലഭിക്കാതായതോടെ കബളിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഉദ്യോഗാർഥികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.