KeralaNEWS

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായത്തിന് വിഗോവ വളർത്തൽ

കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒന്നാണ് വിഗോവ വളർത്തൽ.സങ്കര ഇനത്തിൽപ്പെട്ട വിഗോവ എം, വിഗോവ സൂപ്പർ മീറ്റ് എന്ന പേരിൽ അറിയപ്പെടുന്നവയെ തെരഞ്ഞെടുത്തു കൃഷി ആരംഭിക്കുന്നത് മികച്ച ആദായത്തിന് നല്ലതാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് വിഗോവ വമർത്തൽ. നാടൻ താറാവിനെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷി ഇവയ്ക്ക് കൂടുതലായതിനാൽ വിഗോവയുടെ സ്വീകാര്യത ദിവസത്തിനുദിവസം വർധിച്ചുവരികയാണ്.
തൂവെള്ള നിറത്തിൽ നയന മനോഹരമായ കാഴ്ച സമ്മാനിക്കുന്ന വിഗോവയെ ഇന്ന് അലങ്കാര പക്ഷി എന്ന രീതിയിലും വളർത്തുന്നവർ ഉണ്ട്. താറാവുകളെ അപേക്ഷിച്ച് നോക്കുമ്പോൾ നീന്തിത്തുടിക്കാൻ തടാകങ്ങളോ ജലാശയങ്ങളോ ഇവയ്ക്ക് ആവശ്യമില്ല. കണ്ണുകൾ നനയ്ക്കാൻ വേണ്ട വെള്ളം നൽകിയാൽ മതി. രണ്ടുമാസംകൊണ്ട് ഏകദേശം രണ്ടര കിലോ തൂക്കം കൈവരിക്കുന്ന ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പെട്ടെന്നുള്ള വളർച്ച നിരക്ക് ഇതിന്റെ വിപണി മൂല്യം വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്.
ഈർപ്പം തങ്ങിനിൽക്കുന്ന, ശുദ്ധമായ വായു സഞ്ചാരം ലഭ്യമാകുന്ന കൂടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വിഗോവ കുഞ്ഞുങ്ങൾക്ക് ഒരു ദിവസം മുതൽ രണ്ടാഴ്ച വരെ കൃത്രിമ ചൂടും, വെളിച്ചവും നൽകിയിരിക്കണം. 30 കുഞ്ഞുങ്ങൾക്ക് 60 വാട്ട് ഇലക്ട്രിക് ബൾബ് ക്രമീകരിച്ച് നൽകണം. ആദ്യം മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബ്രൂഡറിനുള്ളിൽ പേപ്പർ വിരിച്ച് തീറ്റ നൽകുക. മൂന്നാഴ്ച കഴിഞ്ഞാൽ വിഗോവ കുഞ്ഞുങ്ങളെ തുറന്നുവിട്ട് വളർത്താവുന്നതാണ്. ഇവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലായതിനാൽ വാക്സിനേഷൻ നൽകേണ്ട കാര്യമില്ല. എട്ടാഴ്ച പ്രായമാകുമ്പോൾ തന്നെ ബ്രോയിലർ വിഗോവയ്ക്ക് നല്ല തൂക്കം കൈവരുന്നു.ഒരു കിലോഗ്രാം വിഗോവ ബ്രോയിലർ ഇറച്ചിക്ക് 200 രൂപവരെ വിലയുണ്ട്.
ആദ്യത്തെ മൂന്നാഴ്ച വിഗോവ കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ തീറ്റയും, മൂന്നാഴ്ച മുതൽ വില്പന വരെയുള്ള കാലയളവിൽ ഫിനിഷർ തീറ്റയും നൽകാവുന്നതാണ്.
കൂടിനുള്ളിൽ ക്ലോറിൻ കലരാത്ത ശുദ്ധമായ വെള്ളം ലഭ്യമാക്കുന്ന സംവിധാനം ഉറപ്പുവരുത്തണം. 24 മണിക്കൂറും കൂടിനുള്ളിൽ കുടിവെള്ള സൗകര്യം ലഭിക്കണം. വിഗോവ കുഞ്ഞുങ്ങളെ തുറന്നുവിട്ടു വളർത്തുന്ന സമയത്ത് ഫിനിഷർ തീറ്റ നൽകണം. മൂന്നാഴ്ച മുതൽ രണ്ടു നേരം മാത്രം തീറ്റ നൽകിയാൽ മതി.

Back to top button
error: