KeralaNEWS

വേലി എന്ന വയ്യാവേലി..!

വേലി പലപ്പോഴും ഒരു വയ്യാവേലി ആകാറുണ്ട്.പ്രത്യേകിച്ച് വേലി ചാട്ടക്കാർക്ക്.ഇവിടെ പക്ഷെ ആ വേലിയെപ്പറ്റിയല്ല പറയുന്നത്.
പണ്ട് മനുഷ്യർ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന കാലത്ത് നാട്ടിൽ മതിലുകൾ ഇല്ലായിരുന്നു.ഇല്ലായിരുന്നു എന്നെല്ല, കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, ചെറ്റ വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ.. അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല.ഒന്നുറക്കെ കരഞ്ഞാൽ പോലും തൊട്ടടുത്തു താമസിക്കുന്നവൻ ഇന്ന് അതറിയണമെന്നില്ല.അമ്മാതിരി വേലിയല്ലേ അമ്മാവൻ കെട്ടിപ്പൊക്കിയിരിക്കുന്നത്.സ്വന്തം അമ്മാവനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം.കല്യാണപ്രായമുള്ള പെൺമക്കൾ രണ്ടാണേ..!!
 പറഞ്ഞുവന്നത് പണ്ടത്തെ വേലിയെപ്പറ്റിയാണല്ലോ.സുലഭമായി അന്ന് കിട്ടിക്കൊണ്ടിരുന്ന ശീമക്കൊന്നയുടെ കൊമ്പാണ് വേലി നിർമ്മിക്കാൻ കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്.ക്രമേണ അതിൽ നാമ്പുകൾ വരും.പിന്നീടത് ശിഖരങ്ങളാകുകയും അതിന്റെ ഇലകൾ വളമായി ഉപയോഗിക്കുന്നതും അക്കാലത്ത് പതിവായിരുന്നു.തെങ്ങോല മെടഞ്ഞും മെടയാതെ കുത്തി നിർത്തിയും താൽക്കാലിക വേലികളും അക്കാലത്ത് നിർമ്മിച്ചിരുന്നു.
വേലിക്കൽ നിന്നുള്ള കുശലം പറയലും സൗഹൃദം പുതുക്കലും വഴിപോക്കരോട് സംസാരിക്കലും അന്നത്തെ നാട്ടിൻപുറങ്ങളിലെ നിത്യ കാഴ്ചയുമായിരുന്നു.
  “വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ…
കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുംകൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ…. “
കേട്ടിട്ടില്ലേ ഈ പാട്ട്.
 പിന്നീട് ഗൾഫ് ബൂം വന്നതിനു ശേഷമാണ് മതിലുകൾ പ്രചാരത്തിലായത്.അത് അയൽവാസികൾ തമ്മിലുള്ള ബന്ധത്തിന് മുറിവേൽപ്പിക്കുന്ന ‘മുള്ളുവേലി’കളുമായി.
“വേലി തന്നെ വിളവ് തിന്നുന്നു.”
“വഴിയേ പോയ വയ്യാ വേലി”.
“ഓന്ത് ഓടിയാൽ വേലി വരെ “
“വേലി ചാടുന്ന പശു കോല് കൊണ്ട് ചാകും.”
“വേലീയിൽ ഇരുന്നത് എടുത്ത് മടിയിൽ വെക്കരുത്”
“അമ്മ വേലി ചാടിയാൽ മോള് മതില് ചാടും.. “
ഇങ്ങനെ എത്രയെത്രയെണ്ണം !!
  അയൽവാസിയെ കാണാതിരിക്കാനും, അയൽവാസി കാണാതിരിക്കാനും ഇന്ന് വേലിയുടെ സ്ഥാനത്ത് കൂറ്റൻ മതിലുകളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഇത് വല്ലതും അറിയാമോ ആവോ !

Back to top button
error: