KeralaLead NewsNEWS

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 9 പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. പട്ടികയിലുള്ള 16 പേരുടെയും വിസ്താരം കേസില്‍ പ്രധാനപ്പെട്ടതാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Back to top button
error: