കേന്ദ്ര ബജറ്റിനേക്കാള്‍ സൂപ്പര്‍ സംസ്ഥാന ബജറ്റ്; പക്ഷേ മുഖ്യമന്ത്രിയുടെ പ്രകടനം മോശം, സര്‍ക്കാര്‍ തുടരുന്നതില്‍ താത്പര്യവുമില്ല! മൂവായിരം പേരെ വച്ചുള്ള മനോരമയുടെ വോട്ട് സര്‍വേ; രണ്ടുമാസം കൊണ്ട് ജനസമ്മിതി കുത്തനെ ഇടിഞ്ഞെന്നും കണ്ടെത്തല്‍

കൊച്ചി: മനോരമ-സീ വോട്ടര്‍ വീക്ലി സര്‍വേ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ മാറുമോയെന്നതില്‍ ചര്‍ച്ചകള്‍ സജീവം. മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകടം, കേരള ബജറ്റോ കേന്ദ്ര ബജറ്റോ നല്ലത് എന്നിങ്ങനെയുള്ള പ്രാഥമിക ചോദ്യങ്ങളുടെ സര്‍വേയാണ് ഇപ്പോള്‍ പുറത്തുവന്നത്.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം നല്ലതാണെന്ന് പറയുന്നത് 27 ശതമാനം പേരാണ്. ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പിണറായിയുടെ റേറ്റിങ് 29.1 ആയിരുന്നു. ജനുവരിയില്‍ 27.1 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച അത് നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. 27 ശതമാനം. മുഖ്യമന്ത്രിയുടേത് ശരാശരി പ്രകടനമാണെന്ന് കരുതുന്നവര്‍ 16.2 ശതമാനമാണ്. 3.7 ശതമാനം പേര് അഭിപ്രമായമില്ല എന്നും പറഞ്ഞെന്നാണു റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 53.1 ശതമാനം. ഡിസംബറില്‍ ഇവരുടെ സംഖ്യ 45 ശതമാനമായിരുന്നു. ജനുവരിയില്‍ അത് 49 ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് വീണ്ടും കുറഞ്ഞ് 53 ശതമാനത്തിന് മുകളിലെത്തി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് സിവോട്ടര്‍ ശേഖരിച്ചതെന്നാണ് അവകാശവാദം. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്.
‘ഇടതുസര്‍ക്കാര്‍ തുടരണോ?’ എന്ന ചോദ്യത്തിന് 40.3 ശതമാനം വോട്ടര്‍മാര്‍ നല്കിയ മറുപടി ‘തുടരണം’ എന്നായിരുന്നു. എന്നാല്‍ മാറണം എന്നുപറഞ്ഞവര്‍ അവരെ കടത്തിവെട്ടി 53.7 ശതമാനം പേര്. 6.1 ശതമാനം പേര് അഭിപ്രായമില്ല എന്നും പറഞ്ഞു. ഡിസംബറില്‍ ഇതേ ചോദ്യമുന്നയിച്ചപ്പോള്‍ 45.9 ശതമാനം പേരാണ് ഇടതുസര്‍ക്കാര്‍ തുടരണം എന്ന് ആഭിപ്രായപ്പെട്ടത്. ജനുവരിയില്‍ അത് 42.1 ശതമാനമായി കുറഞ്ഞു. അപ്പോള്‍ 40.3 ശതമാനവുമായി. ഡിസംബറില്‍ 49.8 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണം എന്നാവശ്യപ്പെട്ടത്. ജനുവരി ആയപ്പോള്‍ അത് 53.3 ശതമാനമായി. ഇപ്പോള്‍ അല്പം കൂടി ഉയര്‍ന്ന് 53.7 ആയെന്നും പറയുന്നു.
എന്നാല്‍, കേന്ദ്ര ബജറ്റിനേക്കാള്‍ മികച്ച ബജറ്റാണു കേരള ബജറ്റ് എന്നാണു സര്‍വേയില്‍ പറയുന്നതെന്നു മനോരമ ന്യൂസ് പറയുന്നു. കേന്ദ്രബജറ്റ് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 14.3 ശതമാനം പേര് വളരെ മികച്ചത് എന്ന് ഉത്തരം നല്കി. മികച്ചതെന്ന് 8.4 ശതമാനം പേരും പറഞ്ഞു. 14.2 ശതമാനം ശരാശരി എന്നാണ് റേറ്റ് ചെയ്തത്. മോശം എന്നഭിപ്രായപ്പെട്ടത് 15.7 ശതമാനം. വളരെ മോശം എന്നഭിപ്രായപ്പെട്ടവരാണ് കൂടുതല്‍. 38.8 ശതമാനം. 8.6 ശതമാനം പേര് അഭിപ്രായമില്ല എന്നും അറിയിച്ചു.
സര്‍വേയില്‍ പങ്കെടുത്ത 24.8 ശതമാനം പേര് സംസ്ഥാനബജറ്റ് വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 11.6 ശതമാനവും രേഖപ്പെടുത്തി. ശരാശരി ബജറ്റ് എന്ന് പറഞ്ഞത് 24.1 ശതമാനം പേര്. സംസ്ഥാനബജറ്റ് മോശമാണെന്ന് തോന്നുന്നത് 17.5 ശതമാനം പേര്‍ക്കാണ്. 15.5 ശതമാനം പേര് വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. 6.4 ശതമാനം അഭിപ്രായമില്ല എന്നും അറിയിച്ചു.






