സമ്മര്‍ദമോ? പോയി പണി നോക്ക്; ഫൈനലില്‍ വൈഭവ് ഇറങ്ങിയത് കരുതിക്കൂട്ടി തന്നെ; റെക്കോഡുകള്‍ വരിവരിയായി പോക്കറ്റില്‍; ഫൈനലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍

ന്യൂഡല്‍ഹി: അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ സെഞ്ചറി തികച്ച താരം അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലായി. ഓസ്‌ട്രേലിയയുടെ വില്‍ മലജ്‌സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ.
ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ ഇന്ത്യയ്ക്ക് തുടക്കിലേ നഷ്ടമായി. വൈഭവുമൊത്ത് 142 റണ്‍സിന്റെ കൂട്ട്‌കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ.
ഫൈനല്‍ വരെയുള്ള യാത്രയില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ സ്വന്തമാക്കിയപ്പോഴും ഒന്നും നൂറിലെത്തിക്കാന്‍ വൈഭവിനു കഴിഞ്ഞില്ല. ഇതിന്റെ ക്ഷീണം ഫൈനലില്‍ തീര്‍ത്തു. ഫൈനലില്‍ 80 പന്തുകള്‍ നേരിട്ട താരം 175 റണ്‍സ് നേടിയാണു മടങ്ങിയത്. 15 സിക്‌സുകളും അത്രതന്നെ ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 26ാം ഓവറില്‍ മനി ലുംസ്‌ഡെനിന്റെ പന്തിലാണു പുറത്താകുന്നത്. 55 പന്തുകളിലാണ് 14 വയസ്സുകാരന്‍ താരം അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ സെഞ്ചറിയിലെത്തിയത്. 32 പന്തുകളില്‍ അര്‍ധസെഞ്ചറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളില്‍ 100 പിന്നിടുകയായിരുന്നു.
വൈഭവ് തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ നിന്നു വിയര്‍ത്തു. വൈഭവ് പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ വേഗതയും ക്രമാതീതമായി കുറഞ്ഞു. എങ്കിലും മധ്യനിര താരങ്ങളുടെ ചെറുത്തുനില്‍പ് ഇന്ത്യയെ 400 കടത്തി. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ താരത്തിന്റെ പേരില്‍ തന്നെയുള്ള ഒന്നിലേറെ റെക്കോര്‍ഡുകളും ഫൈനലില്‍ വൈഭവ് പഴങ്കഥയാക്കി. ഐസിസി ഫൈനലുകളുടെ ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. ഐസിസി ഏകദിന ഫോര്‍മാറ്റ് ഫൈനലുകളിലെ വേഗതയേറിയ സെഞ്ചറി കൂടിയാണു താരം ഹരാരെയില്‍ സ്വന്തമാക്കിയത്.
യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇനി വൈഭവിനു സ്വന്തം. ഫൈനലിലെ ബാറ്റിങ്ങോടെ താരത്തിന്റെ സ്‌കോര്‍ 1412 ആയി. വിജയ് സോളിനെയാണ് വൈഭവ് മറികടന്നത്. യൂത്ത് ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് തന്നെ വൈഭവ് പുതുക്കിയെഴുതി. ഹരാരെയില്‍ 15 സിക്‌സുകളാണ് താരം നിലം തൊടീക്കാതെ ഗാലറിയിലെത്തിച്ചത്. കൂടാതെ ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് ബൗണ്ടറികളിലൂടെ മാത്രം നേടുന്ന താരമെന്ന റെക്കോര്‍ഡും (150) ഇതോടെ വൈഭവിനു സ്വന്തമായി. ഇവിടെയും 140 റണ്‍സെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണു വൈഭവ് തകര്‍ത്തുവിട്ടത്.
കൗമാര ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലും ബോളര്‍മാരുടെ പേടി സ്വപ്നമായ വൈഭവിന് അണ്ടര്‍ 19 ലോകകപ്പില്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. യുഎസിനെതിരായ ആദ്യ ആദ്യ മത്സരത്തില്‍ താരം രണ്ടു റണ്‍സ് മാത്രമെടുത്താണു പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയതോടെ വലിയ വേദികളില്‍ തിളങ്ങാനുള്ള ശേഷി താരത്തിനില്ലെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ബാറ്റുകൊണ്ടാണു വൈഭവ് ഇതിനു മറുപടി നല്‍കിയത്.
ബംഗ്ലദേശിനെതിരായ തൊട്ടടുത്ത മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചറി(72 റണ്‍സ്) നേടിയ വൈഭവ് സ്ഥിരതയുള്ള പ്രകടനങ്ങളുമായി ടീമിനെ മുന്നില്‍നിന്നു നയിച്ചു. സിംബാബ്വെയ്‌ക്കെതിരെയും അഫ്ഗാനെതിരെയും വൈഭവ് അര്‍ധ സെഞ്ചറി (52,68) പ്രകടനങ്ങള്‍ തുടര്‍ന്നു. ഫൈനലിനു മുന്‍പുള്ള മത്സരങ്ങളില്‍ ആകെ 15 സിക്‌സുകളാണു വൈഭവ് ഈ ലോകകപ്പില്‍ വൈഭവ് നേടിയത്. ഇംഗ്ലണ്ടിനെതിരെ അടിച്ച 15 സിക്‌സും ചേര്‍ത്താല്‍ വൈഭവ് ആകെ തൂക്കിയ സിക്‌സുകളുടെ എണ്ണം 30.






