
കൊച്ചി: ഹൈദരാബാദിൽ നടന്ന 36-ാമത് സൗത്ത് സോൺ സബ് ജൂനിയർ ആൻഡ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി ഹന്ന എലിസബത്ത് സിയോ. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ഈ കൊച്ചു മിടുക്കി നീന്തിക്കയറിയത്.
തെലങ്കാന സ്വിമ്മിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളോടായിരുന്നു ഹന്നയുടെ പോരാട്ടം. വ്യക്തിഗത ഇനങ്ങളായ 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിലും, 4 × 100 മീറ്റർ മെഡ്‌ലി റിലേയിലും ഹന്ന വെള്ളി മെഡൽ നേടി. 800 മീറ്റർ ഫ്രീസ്റ്റൈൽ, 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിലാണ് വെങ്കല മെഡൽ നേട്ടം.
ഡിസംബർ 27 മുതൽ 29 വരെ ഹൈദരാബാദിലായിരുന്നു മത്സരം. മികച്ച പരിശീലനവും കഠിനാധ്വാനവുമാണ് ഹന്നയെ വിജയപീഠത്തിലെത്തിച്ചത്. സ്കൂളിനും നാടിനും അഭിമാനമായ ഹന്നയെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.






