പോയവര്‍ഷം സിനിമാ മേഖലയ്ക്ക് നഷ്ടം 530 കോടി; 185 ചിത്രങ്ങളില്‍ 150 എണ്ണവും പൊട്ടി; ഒമ്പത് സൂപ്പര്‍ഹിറ്റ്; 14 ഹിറ്റുകള്‍; ഒടിടിയുടെ സഹായത്തില്‍ പത്തു ചിത്രങ്ങള്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ചു; റീ റിലീസ് ചിത്രങ്ങളും ക്ലച്ച് പിടിച്ചില്ല

കൊച്ചി: 2025 ല്‍ മലയാള സിനിമയ്ക്ക് 530 കോടിയുടെ നഷ്ടം ഉണ്ടായെന്ന് ഫിലിം ചേംബര്‍. പുറത്തിറങ്ങിയ 185 സിനിമകളില്‍ 150 എണ്ണവും പരാജമായിരുന്നുവെന്നും ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. 9 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് ഗണത്തിലും പതിനാറ് ചിത്രങ്ങള്‍ ഹിറ്റ് ഗണത്തിലും ഉള്‍പ്പെടുന്നു. തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ
‘2025, മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വര്‍ഷമായിരുന്നു. 185-ഓളം പുതിയ ചിത്രങ്ങളാണ് ഈവര്‍ഷം തിയേറ്ററില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ എത്ര ചിത്രങ്ങള്‍ലാഭമുണ്ടാക്കി? എത്ര കോടി രൂപയാണ് ഇന്‍ഡസ്ട്രിക്ക് നഷ്ടം സംഭവിച്ചത്? മലയാള സിനിമയുടെ 2025-ലെ ബോക്സസ് ഓഫീസ് റിപ്പോര്‍ട്ടിലേക്ക് നമുക്കൊന്ന് തിരിഞ്ഞ് നോക്കാം.
185 സിനിമകള്‍ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവര്‍ഷത്തില്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും. അതില്‍ 9 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങള്‍ ഹിറ്റ് എന്ന ഗണത്തിലും, തിയേറ്റര്‍ വരുമാനംലഭിച്ച കണക്കുകള്‍പ്രകാരംവിലയിരുത്താം.കൂടാതെ തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങള്‍ കൂടി മുടക്ക് മുതല്‍ തിരികെ ലഭിച്ചതായി കണക്കാക്കാം.
150 ഓളം ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2025. 2025 ല്‍ റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങള്‍ റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്.
2025നെ സംബന്ധിച്ച് ഇന്‍ഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിന്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട് . 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ,’ കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.






