പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ.
പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു.

പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്‌വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത് ഒരുക്കി കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് സിപിഎമ്മിലും സിപിഐയിലും അഭിപ്രായമുയർന്നു.

തലമുറ മാറ്റം എന്ന ആശയം കോൺഗ്രസ് മുന്നോട്ടുവെച്ചത് ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആയിരിക്കാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതുതലമുറ വോട്ടർമാരിൽ രാഷ്ട്രീയ ബോധം കുറയുന്നു അവർ അരാഷ്ട്രീയവാദികൾ ആകുന്നു തുടങ്ങിയ പരാതികൾ പല കോണിൽ നിന്നും ഉയരുന്നുണ്ടെങ്കിലും അവർ വ്യക്തമായ കാഴ്ചപ്പാടോടെ താങ്കളുടെ വോട്ടവകാശം പ്രതിഷേധ വോട്ടുകൾ ആക്കി മാറ്റി എന്നാണ് സിപിഐ വിശ്വസിക്കുന്നത്.
സർക്കാരിനെതിരെയുള്ള, സിസ്റ്റത്തിന് എതിരെയുള്ള തങ്ങളുടെ പ്രതിഷേധം അവർ വോട്ടിംഗിൽ പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് സിപിഐ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അവലോകനം ചെയ്യുമ്പോൾ അഭിപ്രായമുയർന്നു.
ജെൻസി വോട്ട് എങ്ങോട്ടുപോയി എന്ന ചോദ്യമാണ് കൗൺസിലിൽ പ്രധാനമായും ഉയർന്നുവന്നത്
തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധവോട്ടുകളായി ഇടതുപക്ഷത്തിന് എതിരായിമാറിയിട്ടുണ്ടെന്നും കൗൺസിലിൽ വിമർശനമുണ്ടായി. സംസ്ഥാനത്തെ ഭൂരിപക്ഷം സർവകലാശാലകളും എസ്എഫ്‌ഐ, എഐഎസ്എഫ് ഉൾപ്പെടുന്ന ഇടതുവിദ്യാർഥി സംഘടനകളുടെ ആധിപത്യത്തിലാണ്. പക്ഷേ, അതൊന്നും thരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ഏകാധിപത്യപ്രവണതയും അപ്രമാദിത്വ മനോഭാവവുമൊന്നും പുതിയതലമുറയ്ക്ക് ഉൾക്കൊള്ളാനാവില്ല. അവരെ കലാലയത്തിൽ സമരത്തിനുവിട്ട് ഒത്തുതീർപ്പുണ്ടാക്കുമ്പോൾ ഇത്തരം തിരിച്ചടി സ്വാഭാവികമാണെന്നും കൗൺസിലിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
മുതിർന്ന നേതാക്കൾക്ക് റാൻമൂളി നടക്കുന്ന കുട്ടി നേതാക്കൾ അല്ല ഇപ്പോൾ ഉള്ളതെന്നും ഓരോ പുതുതലമുറ വോട്ടർമാർക്കും വ്യക്തമായ നിലപാടും അഭിപ്രായവും കാഴ്ചപ്പാടും ഉള്ളതുകൊണ്ട് ഭരണം നന്നായില്ലെങ്കിൽ, പ്രവർത്തന രീതികൾ മെച്ചപ്പെട്ടില്ലെങ്കിൽ, ജനക്ഷേമത്തിന്റെ പാതയിലൂടെ സഞ്ചരിച്ചില്ലെങ്കിൽ അത്തരക്കാരെ തിരുത്താൻ ഭരണത്തിൽ നിന്ന് അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ പുതുതലമുറ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു എന്ന് രാഷ്ട്രീയപാർട്ടികൾ മനസ്സിലാക്കുന്നുണ്ട്.
പരമ്പരാഗതമായി ലഭിച്ചുവരുന്ന വോട്ടുകൾ പോലും കൈമോശം വരുന്ന ഇക്കാലത്ത് ജെൻസി വോട്ടുകൾ ഒന്നു വിളിക്കപ്പെടുന്ന പുതുതലമുറ വോട്ടുകൾ ഓരോരുത്തരെ തിരഞ്ഞെടുപ്പിലും വിധി നിർണയിക്കുന്നത് ആയി മാറുകയാണ്.






