അതീവ രഹസ്യം; സൈനിക ആസ്ഥാനത്ത് അസിം മുനീറിന്റെ മകള്‍ വിവാഹിതരായി; രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തിട്ടും ചിത്രങ്ങള്‍ പോലും പുറത്തുവിട്ടില്ല; വരനും സൈനികന്

ഇസ്ലാമാബാദ്: പാക് പ്രതിരോധ മേധാവി അസിം മുനീറിന്റെ മകള്‍ മഹ്നൂര്‍ വിവാഹിതയായി. അസിം മുനീറിന്റെ സഹോദരന് ഖാസിം മുനീറിന്റെ മകന് അബ്ദുള്‍ റഹ്മാനാണ് വരന്. കഴിഞ്ഞയാഴ്ച റാവല്‍പിണ്ടിയിലെ പാകിസ്ഥാന് ആര്‍മി ആസ്ഥാനത്ത് വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
പാക് പ്രതിരോധ മേധാവിയായ അസിം മുനീറിന് നാല് പെണ്മക്കളാണ്. മഹ്നൂര്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളാണ്. അതേസമയം, പാകിസ്ഥാന് സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും പിന്നീട് സൈനിക ഓഫീസര്‍മാര്‍ക്കായി സംവരണം ചെയ്ത ക്വാട്ടയിലൂടെ സിവില്‍ സര്‍വീസിലെത്തുകയും ചെയ്തയാളാണ് വരന് അബ്ദുള്‍ റഹ്മാന്. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.
പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, ഐഎസ്ഐ മേധാവി തുടങ്ങിയവരും, വിരമിച്ച ജനറല്‍മാര്‍, മുന്‍ മേധാവികള്‍ തുടങ്ങി പാകിസ്ഥാന് സൈന്യത്തിലെ മറ്റ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 400 പേരോളം വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിദേശ അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.






