തീ കണ്ടുണർന്ന് കൊച്ചി: ബ്രോഡ്‌വെയിൽ കടകൾ കത്തി നശിച്ചു : തീയണച്ചത് ഒന്നരമണിക്കൂറിന് ശേഷം

കൊച്ചി: എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച അഗ്നിബാധ ഉണ്ടായത്.
തീപ്പിടിത്തത്തിൽ ഒരുകട പൂർണമായും ഏതാനും കടകൾ ഭാഗികമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ നാലുനിലകെട്ടിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
കളിപ്പാട്ടങ്ങളും ഫാൻസി ഉത്പന്നങ്ങളും വിൽക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ഒരുമുറിയിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കളിൽനിന്നാണ് തീപടർന്നതെന്നാണ് കരുതുന്നത്. ഇത് പിന്നീട് സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്തെ കച്ചവടക്കാരും ചുമട്ടുത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം പുലർച്ചെ മൂന്നരയോടെയാണ് തീ പൂർണമായും അണച്ചത്.”






