Breaking NewsCrimeKeralaLead NewsLIFELife StyleNEWSNewsthen SpecialSocial MediaTRENDING

‘ഇത്തരം വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്’: വീണ്ടും കുറിപ്പുമായി അതിജീവിത; ‘അതിക്രമം നടന്നപ്പോള്‍ പരാതിപ്പെട്ടത് തെറ്റ്, ഇരയോ അതിജീവിതയോ അല്ല, മനുഷ്യ ജീവി മാത്രം, ഞാന്‍ ജീവിച്ചോട്ടെ’

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പോലീസിനെ സമീപിച്ച അതിജീവിതയുടെ വൈകാരി കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അതിജീവിതയുടെ കുറിപ്പ്

ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത് അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

Signature-ad

20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം. ഞാന്‍ ജീവിച്ചോട്ടെ.

 

കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പൊലീസില്‍ ഹാജരാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാര്‍ട്ടിന്‍ വീഡിയോ പ്രചരിപ്പിച്ചത്.

ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. കേസില്‍ മാര്‍ട്ടിന്‍ അടക്കമുള്ള ആറ് പ്രതികളെ 20 വര്‍ഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു.

നേരത്തേ, കേസിന്റെ വിധി പുറത്തുവന്നതിനുശേഷവും പ്രതികരണവുമായി അതിജീവിത രംഗത്തുവന്നിരുന്നു. നിയമത്തിന് മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്‍മാരും തുല്യരല്ലെന്ന് നിരന്തരമായ വേദനകള്‍ക്കും കണ്ണീരുകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും ശേഷം മനസിലായെന്ന് അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിചാരണക്കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാനുണ്ടായ കാരണവും അതിജീവിത കുറിപ്പില്‍ എണ്ണിപ്പറയുന്നുണ്ട്.

തനിക്ക് ഈ കോടതിയില്‍ തീര്‍ത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഈ പ്രസ്തുത ജഡ്ജില്‍നിന്നും ഈ കേസ് മാറ്റണമെന്നുള്ള തന്റെ എല്ലാ ഹര്‍ജികളും നിഷേധിക്കുകയായിരുന്നുവെന്നും അതിജീവിത കുറിപ്പില്‍ പറഞ്ഞു.

കേസില്‍ തന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നത് കണ്ടെത്തിയെന്നും അതിജീവിതയുടെ കുറിപ്പില്‍ പറയുന്നു. മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് നല്‍കിയത്.

കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുകയായിരുന്നു എന്നും അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: