Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘കണ്ടിട്ട്ണ്ട്.. ഒരുപാട് കണ്ടിട്ട്ണ്ട്. ഒരുപാടു കണ്ടിട്ടുണ്ട് എന്ന ഇന്നസെന്റ് ഡയലോഗ് ആണു മനസില്‍ വന്നത്; പക്ഷേ പിന്നീട് അവിടെ നടന്നത് ഞെട്ടിച്ചു’; മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയും സംവാദവും വിവരിച്ച് കുറിപ്പ് വൈറല്‍; സഹായികളെ ഒഴിവാക്കി നിര്‍ദേശങ്ങള്‍ കുറിച്ചെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുത്തുകാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സഹായികളെ ഒഴിവാക്കി നോട്ട് ബുക്കും പേനയുമെടുത്ത് എഴുത്തുകാര്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ കുറിച്ചെടുക്കുന്നതും പിന്നീട് അതിനെക്കുറിച്ചുള്ള ദീര്‍ഘമായ മറുപടിയുമാണ് കവി ശൈലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരുമാസം മുമ്പ് ലഭിച്ച ക്ഷണം അനുസരിച്ച് തിരുവനന്തപുരത്ത് സമ്മേളനത്തിന് എത്തിയതെന്നും അവിടെ നടന്ന രീതികള്‍ ഞെട്ടിച്ചെന്നുമാണ് ശൈലന്റെ കുറിപ്പ്.

 

കുറിപ്പിന്റെ പൂര്‍ണരൂപം

Signature-ad

 

മുഖ്യമന്ത്രി എഴുത്തുകാരുമൊത്തൊരു കൂടിക്കാഴ്ചയും സംവാദവും നടത്തുന്നു പങ്കെടുക്കണം എന്നുള്ള ക്ഷണം (ഏറക്കുറെ ഒരു മാസം മുന്‍പ്) കിട്ടിയപ്പോള്‍ അത് മെക്കാനിക്കല്‍ ആയൊരു പ്രോഗ്രാം എന്നാണ് കരുതിയിരുന്നത്.

ച്ചാല്‍ പ്രഹസനം.

ആ ഒരു മൂഡില്‍ തന്നെ അതിന് പോയതും. നല്ലൊരു ഡ്രസിടാന്‍ പോലും മെനക്കെട്ടില്ല. രാത്രിയാത്രക്ക് കംഫര്‍ട്ട് ആയ ലൂസായഒരു ഷേര്‍ട്ട് ഇട്ട് കയ്യില്‍ വേറൊന്ന് കരുതാതെ ചെന്നിറങ്ങുകയായിരുന്നു. സ്റ്റേജില്‍ മുഖ്യമന്ത്രി എന്തൊക്കെയോ പറയും. നമ്മളത് താഴെ കേട്ടിരിക്കും. മൈക്കിനോട് അത്ര പ്രതിപത്തി ഉള്ള ആരെങ്കിലുമൊക്കെ പിന്നെ അത് കൈവശപ്പെടുത്തി ഓഡിയന്‍സില്‍ നിന്ന് പ്രസംഗിക്കും.

അത് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എഴുതി എടുക്കും. ആ സമയത്ത് കുറച്ചു നേരം അതൊന്നും ശ്രദ്ധിക്കാതെ അടുത്തുള്ള ആരോടെങ്കിലുമൊക്ക സംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി ഇരിക്കും. ഓഡിയന്‍സിലെ ഏതെങ്കിലും മൈക്ക്‌പ്രേമി വെരകുന്നതിനിടെ അദ്ദേഹം എണീറ്റുപോവും. അങ്ങനെ ആണ് പ്രതീക്ഷിച്ചത്. അതൊക്കെ ആണല്ലോ അതിന്റെ രീതി. പക്ഷേ അങ്ങനൊന്നുമല്ല സംഭവിച്ചത്.

ഔദ്യോഗികമായ യാതൊരു ചിട്ടവട്ടവും സ്വാഗതവും അധ്യക്ഷനുമൊന്നുമില്ലാതെ മന്ത്രി സജി ചെറിയാന്‍ വന്ന് മൈക്കില്‍ മൂന്നാല് വാചകം.. പിന്നെ മുഖ്യമന്ത്രി എണീറ്റ് വിഷയം അവതരിപ്പിക്കുന്നു.. പിന്നെ എഴുത്തുകാര്‍ക്ക് രണ്ടുമൂന്നു മൈക്ക് കൊടുക്കുന്നു.

അതൊക്കെ ഒ.കെ.

ഇന്നസെന്റ് പറഞ്ഞ പോലെ കണ്ടിട്ട്ണ്ട്.. കണ്ടിട്ട്ണ്ട്.. ഒരുപാട് കണ്ടിട്ട്ണ്ട്. പക്ഷേ,
പിന്നെ നടന്നതാണ് കൗതുകമായി. ഒരു നോട്ട്ബുക്കും പേനയുമെടുത്തു മുഖ്യമന്ത്രി എഴുത്തുകാര്‍ ഒന്നോ രണ്ടോ മിനിറ്റില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ക്ഷമയോടെ എഴുതി എടുക്കുന്നു.

ഉദ്യോഗസ്ഥര്‍ അല്ല, പേഴ്സണല്‍ സ്റ്റാഫും അല്ല. (അവര്‍ സൈഡില്‍ ഇരുന്ന് മൊത്തം ഡോക്യുമെന്റ് ചെയ്യുന്നുണ്ട്). എഴുത്തുകാര്‍ ഒരുപാട് പേര് അവരുടേതായ ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു.. അതെല്ലാം ഒന്നും വിടാതെ പുള്ളി തന്നെ കുറിച്ചെടുക്കുന്നു. നിര്‍ദേശങ്ങള്‍ കുറേ ആയപ്പോള്‍ സമയമേറെ ആയി ഇനി ഉള്ളവര്‍ക്കു കടലാസില്‍ എഴുതി കൊടുക്കാം എന്നു സജി ചെറിയാന്‍ പറയുന്നു.

ഓക്കെ..

ഇതുവരെയും വേണമെങ്കില്‍ ഷോ ആയി പരിഗണിക്കാം. നോട്ട് ചെയ്യുന്ന പോലൊക്കെ അഭിനയിക്കുകയും ആവാല്ലോ. അതുമായി ‘ഞാന്‍ പോയി വേണ്ടത് ചെയ്‌തോളാം’ എന്നുപറഞ്ഞു കയ്യുയര്‍ത്തി കാണിച്ച് സ്ഥലം വിടാവുന്നതാണ്. പക്ഷേ അതല്ല ഉണ്ടായത്. പിന്നീട് നടന്നത് വേറെയാണ്. ആ എഴുതിയെടുത്ത നോട്ട്‌സ് കൊണ്ട് സിഎം എണീറ്റ് നിന്ന് ഓരോ നിര്‍ദ്ദേശവും എടുത്ത് വായിച്ച് അതിനോട് എല്ലാമുള്ള വിശദമായി തന്നെയുള്ള പ്രതികരണം പങ്കുവെക്കുന്നു. അത് ആറുമണിയോളം നീണ്ടുപോകുന്നു. അത് ഞെട്ടിച്ചു.

80+ പ്രായമുള്ള മനുഷ്യന്‍ ആണ്. വളരെ ചെറുതെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ പോലും നമ്മള്‍ക്ക് നടപ്പാക്കാവുന്നതാണ് എന്ന് പറയുന്നതോടൊപ്പം നടക്കാത്ത കാര്യങ്ങള്‍ അത് സാധ്യമല്ല എന്ന് തന്നെ പറയുന്നു. അങ്ങേരുടെ ഒരു രീതി ഇങ്ങനെ ആണെന്ന് കേട്ടിരുന്നു അത് നേരില്‍ കണ്ടു..

അടിമകളെയും കുഴലുവിളിക്കാരെയും വിളിച്ചു കൊണ്ടുള്ള നാടകം എന്ന് ഇപ്പോള്‍ കമന്റിടാന്‍ മുട്ടുന്നവര്‍ ധാരാളം കാണും. ഓപ്പോസിറ്റ് രാഷ്ട്രീയം പറയുന്ന പലരും ഇന്ന് പോസ്റ്റും ഫോട്ടോയുമിട്ടത് അതിനെ നോക്കി പല്ലിളിക്കും. ലോക്കല്‍ ബോഡി ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ 7/7 ഉം നിയമസഭാ സീറ്റില്‍ 79/61 മായി ലീഡ് കുറഞ്ഞതിന്റെ കണ്ടുള്ള പരവേശത്തില്‍നിന്ന് തട്ടിക്കൂട്ടിയ പരിപാടി എന്നുള്ള കമന്റും കണ്ടു. ഇത് ഇലക്ഷനൊക്കെ നടക്കുന്നതിനും മുന്‍പ് ക്ഷണിക്കപ്പെട്ട പരിപാടി ആണെന്ന് വിളിക്കപ്പെട്ടവര്‍ക്ക് അറിയാം.

കടലാസില്‍ എഴുതിക്കിട്ടിയ നിര്‍ദേശങ്ങള്‍ മൊത്തം വായിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ അവ വായിച്ചു കൃത്യമായ നടപടി ഉണ്ടാവും എന്നുപറഞ്ഞാണ് സംവാദം വൈന്‍ഡപ്പ് ചെയ്തു. അതുവരെ അവിടെ നടന്നത് കണ്ടവര്‍ക്ക് ആ വാക്കില്‍ സംശയം തോന്നേണ്ട കാര്യവുമില്ല. അത് കഴിഞ്ഞ് പുസ്തകം കയ്യില് കരുതിയിരുന്ന എഴുത്തുകാരോക്കെ സ്റ്റേജില്‍ വച്ച് അത് കൈമാറുകയും കുശലം പറയുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പ്രഹസനം ആവുമെന്ന് കരുതി പോയ നമ്മളുടെ കയ്യില്‍ ബാഗും ഉണ്ടായില്ല പുസ്തകവും ഉണ്ടായില്ല. (അങ്ങനെ ഒരു പതിവ് പൊതുവില്‍ ഇല്ല താനും). അതിനാല്‍ പുസ്തകം കൈമാറലും ഫോട്ടോ എടുക്കലും ഉണ്ടായില്ല.

ഹൌ സേഡ്

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: