അനുഭവിച്ച കൊടിയ അതിക്രമങ്ങളെക്കുറിച്ചാണ് ആ കുട്ടി ഷൂട്ടിംഗിനിടെ പറഞ്ഞുകൊണ്ടിരുന്നത്; അവള്‍ ഗുരുതരമായ ട്രോമയിലായിരുന്നു; ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ വൈകാരികമായ ഫെയ്‌സ്ബുക്ക് കുറിപ്പ്; ആ പെണ്‍കുട്ടി നല്‍കിയ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണെന്നും ഷുക്കൂര്‍

കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അവരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞുകൊണ്ട് ന്നാ താന്‍ കേസ് കൊട് എന്ന് സിനിമയിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് നൊമ്പരക്കുറിപ്പാകുന്നു.
അതിജീവിതയ്ക്ക് എല്ലാ പിന്തുണയുമേകിയാണ് ഷുക്കൂര്‍ പോസ്റ്റിട്ടിരിക്കുന്നത്.
അതിജീവിതയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായെന്നും ഷുക്കൂര്‍ പറയുന്നു.
കൂടെ അഭിനയിക്കുമ്പോഴെല്ലാം അവര്‍ അനുഭവിച്ച കൊടിയ അതിക്രമങ്ങളെ കുറിച്ചും കേസിനെ കുറിച്ചുമായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നതെന്നും ഷുക്കൂര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അതിജീവിത പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായതെന്നും ഷുക്കൂര്‍ പറഞ്ഞു.
ഷുക്കൂറിന്റെ വാക്കുകള്‍ ഇങ്ങനെ….
അവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് പോലീസില്‍ പരാതി നല്‍കുക, രണ്ടാമത്തേത് മിണ്ടാതിരിക്കുക. ഈ രണ്ട് കാര്യങ്ങളില്‍ ഏത് സ്വീകരിച്ചാലും അക്രമികള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ അവരുടെ കൈയ്യില്‍ ഉണ്ട്. അത് ഏത് സമയത്തും പുറത്തുവരാം. അത്തരം ഒരു അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അവര്‍ പോലീസില്‍ പരാതി പറയാന്‍ തയ്യാറായത്. ആ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണ്.

നടിയെ ആക്രമിച്ച കേസിലെ പിന്നീട് നടന്ന സംഭവ വികാസങ്ങളെ കുറിച്ചും ഷുക്കൂര്‍ കുറിക്കുന്നു. ആ ക്രൂരകൃത്യം അടങ്ങുന്ന പെന്‍ഡ്രൈവ് കിട്ടുവാന്‍ ദിലീപ് സുപ്രീം കോടതി വരെ പോയതും അയാള്‍ക്ക് അത് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിലപാട് സ്വീകരിച്ചതും നിയമ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിധിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിലെ മനുഷ്യര്‍ എന്ന നിലയില്‍ നാം ധീരയായ ആ പോരാളിയോടൊപ്പം തന്നെ നില്‍ക്കണം, അവരുടെ ഓരോ ചുവടുവെപ്പിനും നമ്മള്‍ പിന്തുണ നല്‍കണം. അവര്‍ക്ക് നീതി ലഭിച്ചെന്ന് അവര്‍ കരുതുന്നതുവരെ അവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് തന്നെയാണ് അര്‍ത്ഥം. അവര്‍ക്കെതിരെ പേട്ടന് വേണ്ടി ഒളിയുദ്ധം നടത്തുന്നവര്‍ മനുഷ്യ സമൂഹത്തോടാണ് ഒളിയുദ്ധം ചെയ്യുന്നതെന്ന് നാം തിരിച്ചറിയണം. അവര്‍ ആ നശിച്ച ദിവസത്തെ അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണുകളില്‍ തീ ആളുന്നത് നമുക്കു കാണാന്‍ കഴിയും – സി.ഷുക്കൂര്‍ പറയുന്നു.






