വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണം: അനില്‍ അക്കര പറയുന്നത് അര്‍ധസത്യം; വാദങ്ങളും ഓരോന്നായി പൊളിയുന്നു; നിലവിലെ കരാറുകള്‍ റദ്ദാക്കാതെ സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; സുപ്രീം കോടതിയില്‍ അടക്കം കേസുകള്‍; ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം പുറത്ത്
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരള സര്‍ക്കാരിനോ ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള അതിന്റെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ധാരണാപത്രത്തില്‍ ഏര്‍പ്പെടാനോ വിദേശ സ്രോതസ്സുകളില്‍നിന്ന് ഫണ്ട് സ്വീകരിക്കാനോ കഴിയില്ല.

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ അഫിഡാവിറ്റ്. എന്നാല്‍, ഇതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അനില്‍ അക്കര. സര്‍ക്കാരിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട ടിങ്കു ബിസ്വാള്‍ ഐഎഎസ് ആണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റിയുമായും മറ്റു കരാറുകാരുമായിട്ടാണു കരാറുള്ളതെന്നും ഇവര്‍ സുപ്രീം കോടതിയില്‍ അടക്കം നല്കിയ ഹര്‍ജികള്‍ നിലനില്ക്കുമ്പോള് സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിലവിലെ കരാറുകള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.
കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് എഐടി കാലിക്കറ്റ് റിപ്പോര്‍ട്ട് നല്കിയാലും ആവശ്യമായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. കെട്ടിടത്തിനു ബലമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകിക്കുന്നു എന്നാണ് അനില്‍ പറയുന്നത്. എന്നാല്‍, കെട്ടിടമല്ല, നിലവിലെ കരാറുകളാണ് പ്രതിസന്ധിയെന്നാണു സര്‍ക്കാര്‍ വാദം.
വടക്കാഞ്ചേരിയില്‍ 2.17 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 140 ഫ്ളാറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതി, യുഎഇയിലെ റെഡ് ക്രസന്റ് അതോറിട്ടിയുടെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയാണെന്നും തെരഞ്ഞെടുത്ത ഏജന്‍സിവഴിയാണ് അതു നടപ്പാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ‘പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കല്‍, കരാറുകാരനെ തെരഞ്ഞെടുക്കല്‍, നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള നിര്‍വഹണത്തില്‍ ലൈഫ് മിഷനോ കേരള സര്‍ക്കാരോ ഉള്‍പ്പെട്ടിട്ടില്ല. റെഡ് ക്രസന്റ് അതോറിറ്റി സമര്‍പ്പിച്ച പാര്‍പ്പിട കെട്ടിടങ്ങളുടെ പ്ലാനും വിസ്തീര്‍ണവും ലൈഫ് മിഷന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണോ എന്നുമാത്രമാണ് പരിശോധിച്ചത്.
കോടതി ഉത്തരവ് അനുസരിച്ചു എന്‍ഐടി കാലിക്കറ്റ് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിനു കാര്യമായ ബലക്ഷയമില്ലെന്നും ആവശ്യമായ അറ്റകുറ്റപ്പണികളിലൂടെയോ റെട്രോഫിറ്റിംഗിംഗിലൂടെയോ ഉപയോഗിക്കാമെന്നാണു റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു വ്യക്മായ പദ്ധതി ആവശ്യമാണെന്നും ഇവ നടപ്പാക്കാതെ യഥാര്‍ഥ ഉദ്ദേശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയെക്കുറിച്ചു നിയമ വകുപ്പുമായി ആലോചിച്ചെന്നും അവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
1. ലൈഫ് മിഷനും കേരള സര്‍ക്കാരും യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിലാണു നിലവിലുള്ള ധാരണാപത്രം. ഇതു റദ്ദാക്കാതെ വടക്കാഞ്ചേരി പദ്ധതി പൂര്‍ത്തിയാക്കുന്നത് ഏകപക്ഷീയമായി ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. സംസ്ഥാനത്തിന് യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്യേണ്ടി വരും. ധാരണാപത്രം റദ്ദാക്കാന്‍ ഇരു കക്ഷികളും സമ്മതിക്കണം.
2. വടക്കാഞ്ചേരി പദ്ധതിക്കായി ലൈഫ് മിഷനും കേരള സര്‍ക്കാരും യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും തമ്മില്‍ പദ്ധതി അടിസ്ഥാനത്തിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടില്ല.
3. യുഎഇ റെഡ് ക്രസന്റ് അതോറിറ്റിക്ക് യൂണിടാക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്, സെയ്ന് വെഞ്ചേഴ്സ് എല്‍എല്‍പി എന്നിവരുമായി കരാറുണ്ട്. അതിനാല്‍ യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയുമായുള്ള ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നതിനു മുമ്പ് ഈ കക്ഷികളെക്കൊണ്ട് അവരുടെ കരാറുകള്‍ ആദ്യം റദ്ദാക്കാന്‍ റെഡ് ക്രസന്റ് അതോറിറ്റി സമ്മതിപ്പിക്കേണ്ടതുണ്ട്. മൂന്നാം കക്ഷി കരാറുകാര്‍ ഈ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമ്മതിക്കാതെ, മറ്റ് ഏജന്‍സികളിലൂടെയോ മറ്റ് ഫണ്ട് സ്രോതസുകളിലൂടെയോ പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ സംസ്ഥാനത്തിന് പരിഗണിക്കാന്‍ കഴിയില്ല.
4. കേരള സര്‍ക്കാര്‍ റിസ്ക് ആന്‍ഡ് കോസ്റ്റ് ടെര്‍മിനേഷന്‍ നടത്തുന്നത് ഈ കേസില്‍ സാധ്യമല്ല, കാരണം (1) കരാറുകാര്‍ക്ക് കേരള സര്‍ക്കാരുമായി കരാറില്ല, (2) അവര്‍ സ്വന്തം ഇഷ്ടപ്രകാരം ജോലി നിര്‍ത്തിവച്ചതല്ല.
5. ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് ‘സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്ന സന്ദര്‍ഭത്തിലൊഴികെ, ഈ ധാരണാപത്രത്തിലെ ഓരോ കക്ഷിയും ഒരു മൂന്നാം കക്ഷിയുമായി കരാറില്‍ ഏര്‍പ്പെടുന്നതില്‍ സ്വതന്ത്രരായിരിക്കും. കൂടാതെ ഓരോ കക്ഷിയും മറ്റേ കക്ഷിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും ഉത്തരവാദികളായിരിക്കില്ല’. എന്നിരുന്നാലും, വടക്കാഞ്ചേരി പദ്ധതിക്കായി കേരള സര്‍ക്കാര്‍ ഭൂമി നല്കിയിട്ടുള്ളതിനാല്, ഈ പദ്ധതി സംയുക്ത പദ്ധതികളുടെ പരിധിയില്‍ വരുമെന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ യുഎഇ റെഡ് ക്രസന്റ് അതോറിറ്റി പദ്ധതിക്കായി സ്വന്തം നിലയില്‍ മൂന്നാം കക്ഷിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതാണു സംഭവിച്ചിട്ടുള്ളത്. യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും മൂന്നാം കക്ഷി കരാറുകാരും തമ്മിലുള്ള കരാറില്‍ കേരള സര്‍ക്കാര്‍ കക്ഷിയല്ല. അതിനാല്‍, പദ്ധതി നിര്‍മ്മാണം ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിന് ഈ വകുപ്പ് പ്രയോഗിക്കാന്‍ കഴിയില്ല.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
6. പദ്ധതി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിക്ക് പുറമെ, സുപ്രീം കോടതിയില്‍ രണ്ട് എസ്എല്പികള് (സ്പെഷല്‍ ലീവ് പെറ്റീഷന്) നിലവിലുണ്ട്. ഇതില്‍ ഒന്ന് സിബിഐ കേസ് റദ്ദാക്കണമെന്നും കരാറുകാരനെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാര്‍ ഫയല്‍ ചെയ്ത അപ്പീലാണ്. ആ കേസ് നിലനില്‍ക്കുന്നിടത്തോളം കാലം, കരാറുകാരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സമ്മതിപ്പിക്കാതെ കേരള സര്‍ക്കാരിന് ഏകപക്ഷീയമായി നിര്‍മ്മാണം ഏറ്റെടുക്കാന്‍ കഴിയില്ല.
7. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരള സര്‍ക്കാരിനോ ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള അതിന്റെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ധാരണാപത്രത്തില്‍ ഏര്‍പ്പെടാനോ വിദേശ സ്രോതസ്സുകളില്‍നിന്ന് ഫണ്ട് സ്വീകരിക്കാനോ കഴിയില്ല. അതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ സ്രോതസുകളില്‍ നിന്ന് ഫണ്ട് ലഭിച്ചു എന്നതു തള്ളിക്കളയുന്നു.
8. രാജ്യത്തിനകത്തുള്ള സ്രോതസുകളില്‍ നിന്ന് ഫണ്ട് ലഭ്യമാണെങ്കില്‍ പോലും, താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ: (1) സിബിഐ, ഇഡി, വിജിലന്‍സ് എന്നിവയില്‍ നിന്നുള്ള ആവശ്യമായ ക്ലിയറന്‍സുകളോടെ; (2) യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയുമായുള്ള ധാരണാപത്രം റദ്ദാക്കണം. അവര്‍ മൂന്നാം കക്ഷി കരാറുകാരുമായുള്ള കരാറും റദ്ദാക്കണം.
9. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍, വടക്കാഞ്ചേരി പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള റിട്ട് ഹര്‍ജിയില്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും (യുഎഇ റെഡ് ക്രസന്റ് അതോറിറ്റി, യൂണിടാക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്, സെയ്ന് വെഞ്ചേഴ്സ് എല്‍എല്‍പി, സിബിഐ, ഇഡി, വിജിലന്‍സ്) കക്ഷികളായി ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് ബോധിപ്പിക്കുന്നു. യുഎഇ റെഡ് ക്രസന്റ് അതോറിറ്റി, യൂണിടാക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്, സെയ്ന് വെഞ്ചേഴ്സ് എല്‍എല്‍പി എന്നിവര്‍ സംസ്ഥാനത്തെ അവരുടെ ബാധ്യതകളില്‍നിന്ന് ഒഴിവാക്കാന്‍ സമ്മതിക്കുകയാണെങ്കില്‍, പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് അറിയിക്കുന്നു.
#LIFEMission, #WadakkancheryFlat, #KeralaHighCourt, #KeralaNews, #LIFEMissionCase, #LegalUpdates, #BreakingNews, #Wadakkanchery, #KeralaPolitics #UAERedCrescent, #HousingProject, #NITCalicutReport, #StructuralStability #CounterAffidavit, #AnilAkkara, #TinkuBiswalIAS, #CBIInvestigation, #ED, #Vigilance #UnitacBuilders, #SaneVentures






