ഡല്‍ഹിയിലെ ആറിടങ്ങളില്‍ സ്ഫോടന പരമ്പര ഉണ്ടാക്കാനായിരുന്നു ലക്ഷ്യം ; സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുകയോ ബോംബുകള്‍ എത്തിക്കുന്നതിനോ വേണ്ടി തയ്യാറാക്കിയത് 32 കാറുകള്‍ ; നാലെണ്ണം കണ്ടെത്തി, ഐ20 അതിലൊന്ന്

ന്യുഡല്‍ഹി: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6 ന് സ്ഫോടന പരമ്പര നടത്താന്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയത് 32 കാറുകളെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, പൊട്ടിത്തെറിച്ച ഐ20 ഉള്‍പ്പെടെയുള്ള കാറുകള്‍ ഇതിലുണ്ടായിരുന്നു. കാറുകള്‍ തീവ്രവാദികള്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നതിനോ ബോംബുകള്‍ എത്തിക്കുന്നതിനോ വേണ്ടി ഒരുക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ല എന്നതിനാല്‍ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടവയായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ നാല് കാറുകളും ഇപ്പോള്‍ കണ്ടെത്തി. ഭീകരരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഉയര്‍ന്നുവന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍-ഫലാഹ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കാമ്പസില്‍ നിന്നാണ് ബ്രെസ്സ – HR87 U 9988 – കണ്ടെത്തിയത്. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കരുതുന്ന ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡല്‍ഹി സ്ഫോടനക്കേസ് പ്രതി വാങ്ങിയ ചുവന്ന ഇക്കോസ്പോര്‍ട്ട് കാറും വലിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ബാബ്റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 ന് ഡല്‍ഹിയിലെ ആറു സ്ഥലങ്ങളില്‍ സ്ഫോടന പരമ്പര നടത്താനായിരുന്നു തീവ്രവാദി സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ഭീകരര്‍ പിടിയിലാകുകയായിരുന്നു. ഭീകരരില്‍ ഒരാളായ ഉമര്‍ മുഹമ്മദ് കാരണമാണ് സ്ഫോടനം നേരത്തെ ട്രിഗര്‍ ചെയ്യപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.






