Breaking NewsBusinessIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsTravel

ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും

 

തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത്
സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം.
ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്.
ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു.
കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല.
ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു.
ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം.
ലോണെടുത്തും ഷെയറിട്ടും ഓട്ടോയും കാറും വാങ്ങി ഊബര്‍ സര്‍വീസ് നടത്തുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ വഴക്കും തര്‍ക്കവും മൂലം ഇല്ലാതാകുന്നത്.
ഊബര്‍ വണ്ടികള്‍ തടഞ്ഞ് യാത്രക്കാരോടു പോലും മോശമായി പെരുമാറുമ്പോള്‍ യാത്രക്കാര്‍ സ്വാഭാവികമായും ഊബര്‍ വിളിക്കാന്‍ മടിക്കുന്ന സ്ഥിതിയാണെന്ന് തിരുവനന്തപുരം നഗരത്തില്‍ ഊബര്‍ ഓട്ടോ ഓടിക്കുന്ന വിനോദ് ചൂണ്ടിക്കാട്ടി. ഇതു തന്നെയാണ് ഊബറിനെതിരെ കൊടിപിടിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്നും ഊബര്‍ വിളിക്കാന്‍ സാധാരണക്കാരന്‍ മടിച്ചാല്‍ പെരുവഴിയിലാകുന്നത് തന്നെപ്പോലുള്ള പാവപ്പെട്ടവരാണെന്നും വിനോദ് പറഞ്ഞു.

Signature-ad

സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ കുടുംബമൊത്ത് കാറില്‍ യാത്ര ചെയ്യാനുള്ള അവസരം നിഷേധിക്കരുതെന്ന് തൃശൂരിലെ ബൈജു താഴേക്കാട്ട് ഊബറിനെ തടയുന്നവരോട് പറഞ്ഞു. വിലക്കുറവും നിരക്കു കുറവും എവിടെയാണെന്ന് നോക്കി ജീവിക്കേണ്ട ഈ കാലത്ത് കൂടിയ നിരക്ക് ഈടാക്കുന്ന കേരള സവാരിയെ ആളുകള്‍ തള്ളിക്കളയുമെന്നും ഓഫറുകള്‍ കൊണ്ട് മത്സരം നടത്തുന്ന കേരളത്തില്‍ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നിരക്ക് കുറച്ച് ഓടാന്‍ തുടങ്ങിയാല്‍ കേരളത്തിലെ യാത്രക്കാരായ ജനങ്ങളുടെ വോട്ട് അവര്‍ക്കു തന്നെയായിരിക്കുമെന്നും യാത്രക്കാര്‍ തറപ്പിച്ചു പറയുന്നു.

ഏതായാലും കേരളത്തില്‍ ഊബറടക്കമുള്ള സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമുകളിലുള്ളവരും കേരള സവാരിയും തമ്മില്‍ മത്സരത്തിന്റെയും പോര്‍വിളികളുടേയും സവാരിഗിരിഗിരിയാണ് ഇനി രൂക്ഷമാകാന്‍ പോകുന്നത്.

Back to top button
error: