വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണക്കണക്കൊഴുകുന്നു; പണം മേടിച്ചവര്‍ ആശങ്കയില്‍; ആര്‍ക്കെല്ലാം വെള്ളാപ്പള്ളി പണം കൊടുത്തുകാണും എന്ന് ജനം; ആരെല്ലാം കൈനീട്ടി കാശുവാങ്ങിക്കാണുമെന്നും ചോദ്യമുയരുന്നു

തിരുവനന്തപുരം: അങ്ങനെ കൊടുത്തപണത്തിന്റെയും കൈനീട്ടി വാങ്ങിയ പണത്തിന്റെയുമൊക്കെ കണക്കും കണക്കില്ലായ്മയും പുറത്തുവരാന്‍ തുടങ്ങുകയാണെന്ന് വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നു. വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട് നടേശന്‍. ഇനി കാര്യങ്ങള്‍ വെടിപ്പാകുമെന്നാണ് ഈ പോക്കുപോകുന്നത് കാണുമ്പോള്‍ തോ്ന്നുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണ്ട് വര്‍ഗീയതയാണ് പുറത്തുവരാറുള്ളതെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണക്കണക്കാണല്ലോ പുറത്തുവരുന്നതെന്ന് പേടിക്കുന്നു. എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം എന്ന് സിപിഐക്കെതിരെ വെള്ളാപ്പള്ളി പറഞ്ഞപ്പോള്‍ തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങിയിട്ടില്ലെന്ന് ബിനോയ് വിശ്വത്തിന് മറുപടി കൊടുക്കേണ്ടി വന്നു. വ്യവസായി എന്ന നിലയില്‍ വെള്ളാപ്പള്ളിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിയും വന്നു. തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാര്‍ വാങ്ങില്ലെന്നു തറപ്പിച്ചു പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും, അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ല എന്നാണ് അവകാശപ്പെടുന്നത്.

അല്ല എന്താണ് ബിനോയ് വിശ്വം പറയുന്ന തെറ്റായ വഴിയെന്നാണ് പ്രതിപക്ഷത്തിനും മനസിലാകാത്തത്. ആരെങ്കിലും അത്തരത്തില്‍ തെറ്റായ വഴിക്ക് കാശു വാങ്ങിച്ചെന്നാണോ ബിനോയ് വിശ്വം പറയാതെ പറയുന്നതെന്നാണോ കരുതേണ്ടതെന്നും ചോദ്യമുയരുന്നുണ്ട്.
ബിനോയ് വിശ്വത്തിന്റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് വെള്ളാപ്പള്ളി മറുപടി നല്‍കിയത്. എം എന്‍ ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ട്. തന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സി പി ഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നുമുള്ള പരിഹാസവും സി പി ഐക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചു. ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പറഞ്ഞതില്‍ എല്ലാം ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നുമായിരുന്നു മറുപടി.

തന്റെ കയ്യില്‍ നിന്നും കൈനീട്ടി കാശുവാങ്ങിയ സിപിഐ നേതാക്കള്‍ ആരെല്ലാമാണെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തുമോ എന്ന കാര്യമാണ് ഇനിയറിയാനുള്ളത്. ഇത്ര പരസ്യമായി ഇത്രയും കാര്യങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് വെള്ളാപ്പള്ളി ഇനിയും പലതും പറയാനിടയുണ്ടെന്നാണ് സൂചന. അതിന്റെ ആദ്യ സാമ്പിള്‍ വെടിക്കെട്ടാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നല്ലേ പറയാറുള്ളത്. കാത്തിരുന്നു കാണാം വെള്ളാപ്പള്ളിയുടെ പണത്തിന്‍ അമ്പുകള്‍ കൊള്ളാത്തവരുണ്ടോ എന്ന്. കേരളം കാത്തിരിക്കുന്നതും അതറിയാനാണ്.






