ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗ കേസ്: സംഭവത്തിലെ മൂന്ന് പ്രതികളെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു ; സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം

പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെ ദുര്‍ഗാപൂരിലെ സബ്ഡിവിഷണല്‍ കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ജലേശ്വറില്‍ നിന്നുള്ള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇര, വെള്ളിയാഴ്ച രാത്രി ഒരു സുഹൃത്തിനോടൊപ്പം അത്താഴത്തിന് പുറത്തുപോയപ്പോഴാണ് കോളേജിന് പുറത്ത് ആക്രമിക്കപ്പെട്ടത്. ഇവരുടെ മാതാപിതാക്കള്‍ ന്യൂ ടൗണ്‍ഷിപ്പ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്ക് എതിരെ കൂട്ടബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിനും കുറ്റകൃത്യത്തില്‍ പങ്കെടുത്ത മറ്റ് വ്യക്തികളെ കണ്ടെത്താനും കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ദുര്‍ഗാപൂര്‍ എസ്ഡിജെഎം കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തെ ‘ഞെട്ടിക്കുന്നത്’ എന്ന് വിശേഷിപ്പിക്കുകയും ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ വടക്കന്‍ ജില്ലകളിലേക്ക് പോകുന്നതിന് മുമ്പ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം കുറ്റകൃത്യങ്ങളോട് സര്‍ക്കാരിന് സീറോ ടോളറന്‍സ് ആണുള്ളതെന്നും അവര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്വകാര്യ കോളേജുകള്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളോട്, പ്രത്യേകിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരോട്, ഹോസ്റ്റല്‍ നിയമങ്ങള്‍ പാലിക്കാനും രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ബാനര്‍ജി ഉപദേശിച്ചു. അതേസമയം, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവരുടെ മൗലികാവകാശം അവര്‍ അംഗീകരിച്ചു. മമതാ ബാനര്‍ജിയുടെ പരാമര്‍ശങ്ങളെ ബിജെപി ശക്തമായി വിമര്‍ശിക്കുകയും, ഇരയെ കുറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രാജി ആവശ്യപ്പെടുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ബിജെപി പ്രവര്‍ത്തകര്‍ അസന്‍സോള്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ദുര്‍ഗാപൂരിലെ സിറ്റി സെന്ററിന് പുറത്ത് ധര്‍ണ നടത്തുകയും ചെയ്തു. മുന്‍ ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി ഇരയെ ചികിത്സിക്കുന്ന ആശുപത്രി സന്ദര്‍ശിച്ചെങ്കിലും അധികൃതര്‍ പ്രവേശനം നിഷേധിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ലെഫ്റ്റ് ഫ്രണ്ട് ചെയര്മാന് ബിമന്‍ ബോസ് ആവശ്യപ്പെട്ടു.
2024-ലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടറുടെ ബലാത്സംഗ-കൊലപാതകത്തിന് ശേഷം രൂപീകരിച്ച അഭയ മഞ്ച് എന്ന ഫോറത്തിലെ അംഗങ്ങളും സീനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ദുര്‍ഗാപൂര്‍ സന്ദര്‍ശിച്ചു.






