ഏതാനും ആഴ്ചകളില്‍ കമ്പനി വിട്ടത് 10 സീനിയര്‍ ഉദ്യോഗസ്ഥര്‍; ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചു നില്ക്കാന് പാടുപെട്ട് ഫോക്സ് വാഗനും സ്കോഡയും; അടിമുടി നവീകരിക്കാന്‍ പദ്ധതി; പ്രശ്നങ്ങള്‍ പഠിക്കാന്‍ പുറത്തുനിന്ന് ഏജന്‍സിയെ നിയമിച്ചു
വിദേശത്തുനിന്നുള്ള കാര്‍ നിര്‍മാതാക്കളടക്കം ഇന്ത്യയില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ സ്കോഡ നിര്‍ണായക ഘട്ടത്തിലാണ്. യൂറോപ്പിന് പുറത്തുള്ള കാര്‍ നിര്‍മ്മാതാക്കളുടെ പ്രധാന വിപണിയായ ഇന്ത്യയാണ് പ്രതീക്ഷ. ചൈനയില്‍ കമ്പനിക്കു വലിയ സാന്നിധ്യമില്ല. റഷ്യയില്‍നിന്നു പുറത്തു പോകേണ്ടിയും വന്നു.

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ പിടിച്ചു നില്ക്കാന് കഴിയാതെ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ഫോക്സ് വാഗന്. കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് സമഗ്രമായ തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ആഭ്യന്തര തലത്തില്‍ പുറപ്പെടുവിച്ച മെമ്മോയിലാണ് ഇക്കാര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തേറ്റവും കൂടുതല്‍ വാഹന ഇറക്കുമതി നികുതി നിലനില്‍ക്കുന്ന ഇന്ത്യയിലേക്ക് 1.4 ബില്യണ്‍ ഡോളറാണ് കമ്പനി ഇതിനായി മുടക്കിയത്. എന്നിട്ടും മറ്റു വാഹന നിര്‍മാതാക്കളുമായി മത്സരിക്കുന്നതില്‍ വിയര്‍ക്കുകയാണ് ഫോക്സ് വാഗന്. വിപണി വിഹിതം കാര്യമായി ക്ഷയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 മുതല്‍ ഫോക്സ്വാഗണ് ഗ്രൂപ്പ് ബ്രാന്‍ഡായ സ്കോഡ ഓട്ടോയാണ് ഇന്ത്യയിലെ വിപണന തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ‘കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവയില്‍ സമഗ്രമായ അവലോകനം നടത്തുന്നതിനും മെച്ചപ്പെടുത്തലുകള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിച്ചെന്നു’ സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് മേധാവി പിയൂഷ് അറോറ സെപ്റ്റംബര്‍ എട്ടിനു ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ പറഞ്ഞു.
‘ഒരു മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തുന്നത് നിഷ്പക്ഷ വീക്ഷണവും ചില അസാധാരണ ആശയങ്ങളും നല്‍കും. ടീമിനെ പിന്തുണയ്ക്കാനും സഹകരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’- അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിലും ജോലികളിലും മാറ്റങ്ങളൊന്നും മെമ്മോയില്‍ വിശദീകരിച്ചിട്ടില്ല. സ്കോഡ രാജ്യത്തോട് ആഴത്തില്‍ പ്രതിജ്ഞാബദ്ധമാണ്, മാറിക്കൊണ്ടിരിക്കുന്ന വിപണി പ്രവണതകളും വര്‍ദ്ധിച്ചുവരുന്ന മത്സര സമ്മര്‍ദ്ദങ്ങളും നേരിടുന്നുണ്ടെങ്കിലും പുതിയ സാങ്കേതികവിദ്യകളിലും നിര്‍മ്മാണത്തിലും നിക്ഷേപം നടത്തുമെന്നും അറോറയുടെ കത്തില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കമ്പനിയുടെ 10 സീനിയര്‍ ലെവല്‍ എക്സിക്യുട്ടീവുകള്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളടക്കം നവീകരിക്കാന്‍ ഉദ്ദേശിച്ച് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്.
ഫിനാന്‍സ് മേധാവിയും ഇന്ത്യ ബോര്‍ഡ് അംഗവുമായ നളിന്‍ ജെയിന്; മാനവ വിഭവശേഷി മേധാവി ശര്‍മ്മ ചില്ലാര; വിദേശകാര്യ മേധാവി ദീപ്തി സിംഗ്; ചെലവ് നിയന്ത്രണ മേധാവി ഹേമന്ത് മല്‍പാനി; ഗുണനിലവാര മാനേജ്മെന്റ് മേധാവി ശ്രീനിവാസ് ചക്രവര്‍ത്തി എന്നിവരാണ് കമ്പനി വിട്ടത്. ചിലര്‍ രാജിവച്ചു. മറ്റു ചിലരോട് ഒഴിയാനും ആവശ്യപ്പെടുകയായിരുന്നു.
‘സ്കോഡ ഓട്ടോയുടെ അന്താരാഷ്ട്രവല്ക്കരണ പദ്ധതികളില്‍ ഇന്ത്യ ഒരു പ്രധാന വിപണിയാണ്. ഞങ്ങള്‍ എപ്പോഴും പുതിയ ബിസിനസ് അവസരങ്ങള്‍ പരിഗണിക്കുകയും ഇന്ത്യന്‍ വിപണിയില്‍ ഞങ്ങളുടെ തന്ത്രം നടപ്പിലാക്കുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരം ഉറപ്പാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്നും’ അറോറ പറഞ്ഞു.
വിദേശത്തുനിന്നുള്ള കാര്‍ നിര്‍മാതാക്കളടക്കം ഇന്ത്യയില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ സ്കോഡ നിര്‍ണായക ഘട്ടത്തിലാണ്. യൂറോപ്പിന് പുറത്തുള്ള കാര്‍ നിര്‍മ്മാതാക്കളുടെ പ്രധാന വിപണിയായ ഇന്ത്യയാണ് പ്രതീക്ഷ. ചൈനയില്‍ കമ്പനിക്കു വലിയ സാന്നിധ്യമില്ല. റഷ്യയില്‍നിന്നു പുറത്തു പോകേണ്ടിയും വന്നു.
2027 മുതല്‍ കര്‍ശനമായ വാഹന ഇന്ധനക്ഷമത മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ എല്ലാ കാര്‍ നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കേണ്ടിവരും. സ്കോഡയും ഫോക്സ്വാഗണും നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നില്ല.
ചൈനയില്‍ നിന്നുള്ള ഫോക്സ്വാഗണിന്റെ ഇലക്ട്രിക് വാഹന നിര്‍മാണം ഇന്ത്യയിലേക്കു മാറ്റാനും പദ്ധതിയിടുന്നു. ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുമായി ഇലക്ട്രിക് വാഹന നിര്മാണത്തുള്ള ഘടകങ്ങള്‍ വിതരണം ചെയ്യാന്‍ കരാറിലേര്‍പ്പെട്ടിട്ടുമുണ്ട്. മറ്റു കമ്പനികളുമായി മത്സരിക്കാന്‍ കൂടുതല്‍ കരുത്തു നല്‍കുന്നതിനാണ് അടിമുടി പരിഷ്കാരത്തിന് ഒരുങ്ങുന്നതെന്നും ഫോക്സ് വാഗന് വൃത്തങ്ങള്‍ പറഞ്ഞു.
Exclusive: VW to overhaul India business amid market pressures, company memo shows






