വൈകിയത് 13 വര്‍ഷം; ബിഎസ്എന്‍എല്‍ ഒടുവില്‍ സ്വദേശി 4ജിയിലേക്ക്; പഴയ സിമ്മുള്ളവര്‍ മാറ്റിയിടേണ്ടി വരും; മാറ്റം ഇങ്ങനെ; ഇന്ത്യയില്‍ എല്ലായിടത്തും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റും വരുന്നു

കൊച്ചി: ബി.എസ്.എന്‍.എല്‍ തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതോടെ വാണിജ്യ നെറ്റ്‌വര്‍ക്കില്‍ സ്വന്തമായി ടെലികോം സാങ്കേതിക വിദ്യയും ഉപകരണങ്ങളും വികസിപ്പിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. രാജ്യമാകെ തയ്യാറായ 97,500 4ജി ടവറുകളുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 27ന് ഒഡിഷയിലെ ജാര്‍സുഗുഡയില്‍ നടക്കുന്ന ചടങ്ങില്‍ മോദി നിര്‍വഹിക്കും.
5ജി സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 92,600 4ജി ടവറുകളാണ് രാജ്യമാകെ ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ എല്ലായിടത്തും 4ജി നെറ്റ്‌വര്‍ക്ക് സേവനം ലഭ്യമാകും. നിലവില്‍ 2.2 കോടി ജനങ്ങളാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയര്‍, ക്ലൗഡ് അധിഷ്ഠിതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം രാജ്യത്തെ പല നെറ്റ്‌വര്‍ക്ക് സേവനദാതാക്കളും 4ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പരാതികള്‍ക്കിടയില്ലാത്ത വിധമാണ് ബി.എസ്.എന്‍.എല്‍ 4ജി തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ ഡിജിറ്റല്‍ ഭാരത് നിധി പ്രോജക്ടിന്റെ ഭാഗമായി 30,000 ഗ്രാമങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കിയ 100 ശതമാനം 4ജി വ്യാപനത്തിന്റെ പ്രഖ്യാപനവും മോദി നടത്തും.
എന്തുകൊണ്ട് വൈകി
2012 മുതല്‍ ഇന്ത്യയില്‍ 4ജി സേവനങ്ങള്‍ ലഭ്യമാണ്. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ 4ജിയില്‍ നിന്ന് 5ജിയിലെത്തി. എന്നിട്ടും ബി.എസ്.എന്‍.എല്ലിന് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും നഷ്ടമായി. വോഡഫോണ്‍ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചെങ്കിലും 4ജി സേവനങ്ങള്‍ നല്‍കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സ്വന്തമായി നെറ്റ്‌വര്‍ക്ക് സംവിധാനം വികസിപ്പിക്കാനായിരുന്നു ബി.എസ്.എന്‍.എല്ലിന്റെ തീരുമാനം. 22 മാസമെടുത്താണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇത് റെക്കോഡ് സമയമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.





