ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പാരമ്പര്യ ആഘോഷമെന്ന് ഫര്‍ഹാന്‍; ശിക്ഷയില്ല; 6-0 കാണിച്ച റൗഫിന് വന്‍ തുക പിഴ; മാച്ച് റഫറിക്കു മുന്നില്‍ ഹാജരായി വാദങ്ങള്‍ എഴുതിനല്‍കി

ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ കടുത്ത നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. വിവാദമായ ‘6–0’ ആംഗ്യത്തിന്റെ പേരിലാണ് ഹാരിസ് റൗഫിനെതിരായ നടപടി. പാക്ക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്കു പരാതി നൽകിയിരുന്നു.
മാച്ച് റഫറി റിച്ചി റിച്ചഡ്സൻ അന്വേഷണങ്ങൾക്കു ശേഷം ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയായിരുന്നു. അതേസമയം അർധ സെഞ്ചറി നേടിയത് ആഘോഷിക്കാൻ ബാറ്റു കൊണ്ട് ‘വെടിയുതിർത്ത’ പാക്ക് ഓപ്പണർ സഹിബ്സദ ഫർഹാനെതിരെ നടപടിയൊന്നുമെടുത്തില്ല. ഫർഹാന് താക്കീത് നൽകാനാണ് ഐസിസി തീരുമാനം. രണ്ട് താരങ്ങളും മാച്ച് റഫറിയുടെ മുൻപിൽ നേരിട്ടു ഹാജരാകുകയും, വാദങ്ങൾ ഐസിസിക്ക് എഴുതി നൽകുകയും ചെയ്തു. ടീം മാനേജർ നവീദ് അക്രം ചീമയും പാക്ക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു.
പാക്കിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമായാണ് ‘ഗൺഷോട്ട്’ സെലിബ്രേഷൻ നടത്തിയതെന്നാണ് ഫർഹാന്റെ വിശദീകരണം. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു ശേഷം വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കു സമർപ്പിക്കുന്നതായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനില്‍ക്കണമെന്ന് സൂര്യകുമാർ യാദവിനും ഐസിസി നിർദേശം നൽകിയിട്ടുണ്ട്.
icc-punishes-haris-rauf-with-fine-after-provocative-gesture






