Breaking NewsCrimeLead NewsNEWS

ഭാര്യയുടെ ബാഗ് പിടിച്ചുപറിക്കാന്‍ശ്രമം: മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; പ്രതി കോഴിക്കോട്ട് പിടിയില്‍

മുംബൈ: ട്രെയിനിലെ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട്ടുനിന്നു അറസ്റ്റ് ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ സൈഫ് ചൗധരിയാണ് (40) മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതോടെ കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആയുര്‍വേദ ഡോക്ടര്‍ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 4ന് എല്‍ടിടി നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണു ദീപാലിയുടെ ബാഗ് പ്രതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. അതു പ്രതിരോധിച്ച അവര്‍ ബഹളംവച്ചതോടെ ഭര്‍ത്താവും ബര്‍ത്തില്‍ നിന്നിറങ്ങി. ബാഗ് തിരികെ വാങ്ങിക്കാന്‍ ശ്രമിക്കുന്നതിനിടെ, മോഷ്ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്കു വീണു. അതിനിടെ, യോഗേഷിന്റെ ഇടതു കൈപ്പത്തിയിലൂടെ ട്രെയിന്‍ കയറിയിറങ്ങി.

Signature-ad

പരുക്കേറ്റ ഭര്‍ത്താവുമായി ട്രാക്കിനു കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണു പൊലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം തടഞ്ഞുനിര്‍ത്തി യോഗേഷിനെ ആശുപത്രിയിലെത്തിച്ചതും. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 വയസ്സുള്ള മകളെ റെയില്‍വേ പൊലീസാണു കല്യാണ്‍ സ്റ്റേഷനില്‍ ഇറക്കി സുരക്ഷിതമായി മാതാപിതാക്കളുടെ സമീപം എത്തിച്ചത്.

മോഷ്ടാവിനായി മാസങ്ങളായി നടത്തുന്ന തിരച്ചില്‍ വിഫലമായിരിക്കേയാണു കോഴിക്കോട്ട് കഴിഞ്ഞമാസം സമാനരീതിയിലുള്ള മോഷണം നടന്നെന്നും പ്രതി അറസ്റ്റിലായെന്നുമുള്ള വിവരം മുംബൈ റെയില്‍വേ പൊലീസ് അറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരാള്‍ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. മുന്‍പ്, ട്രെയിനില്‍ അനധികൃതമായി മൊബൈല്‍ ഹെഡ്‌ഫോണും മറ്റും കച്ചവടം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ നിലവില്‍ 30 മോഷണക്കേസുകളുണ്ട്. ഡല്‍ഹിയിലേക്കു തട്ടകം മാറ്റിയ ചൗധരി, ദീര്‍ഘദൂര ട്രെയിനുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയാണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: