പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കി ; കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും സൂചന ; ബിജെപിയെ പ്രതിരോധത്തിലാക്കി കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാകുറിപ്പ്

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പ് പുറത്തുവന്നു. കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കിയെന്നും അനില്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്നിട്ടുള്ള കത്ത്.
സൊസൈറ്റിയിലെ സാമ്പത്തീക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കത്തില്‍ വ്യക്തമാകുന്ന സൂചന. നമ്മുടെ ആള്‍ക്കാരെ സഹായിച്ചപ്പോള്‍ അവര്‍ കാലതാമസം വരുത്തിയെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സൊസൈറ്റിയിലെ സാമ്പത്തീക പ്രതിസന്ധിയില്‍ തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ടെന്നും പണം തിരിച്ചടക്കാനുള്ളവര്‍ തിരിച്ചടച്ചില്ലെന്നും പറയുന്നു.
തിരുമലയില്‍ അനില്‍ പ്രസിഡന്റായ സൊസൈറ്റിയില്‍ ചിട്ടിക്ക് പോലും പണമില്ലാത്ത അവസ്ഥയുണ്ടെന്നും സാമ്പത്തീക പ്രതിസന്ധിയുണ്ടെന്നും കത്തില്‍ സൂചന നല്‍കുന്നുണ്ട്. താനും ഭരണസമിതിയും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പണം അടയ്ക്കാനുള്ളവര്‍ തിരിച്ചടച്ചിട്ടില്ലെന്നും പറഞ്ഞു. 11 കോടി രൂപയോളം സൊസൈറ്റിക്ക് ബാദ്ധ്യതയായി മാറിയിട്ടുണ്ടെന്നും ആറ് കോടിരൂപ ഇപ്പോഴും നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്നും കത്തിലുണ്ട്.
അവര്‍ പണത്തിന്റെ കാര്യത്തില്‍ അനിലിനെ നിരന്തരം ബന്ധപ്പെടുകയും മാനസീക സമ്മര്‍ദ്ദത്തിന് കാരണമായെന്നുമാണ് അനിലിന്റെ കൈപ്പടയിലുള്ള കത്തിലുള്ളത്. അതേസമയം കത്തില്‍ പോലീസുമായി ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ അനില്‍ തന്നെ കാണാന്‍ വന്നിരുന്നതായി ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.






