പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ പെരുകുന്നു ; 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2537 പേര്‍ ; പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടായ അപകടങ്ങളില്‍ 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2,537 പേര്‍. രാജ്യത്ത് കുട്ടികള്‍ വാഹനങ്ങള്‍ ഓടിച്ച് മാതാപിതാക്കള്‍ക്ക് പിഴയിടുന്ന സംഭവം കൂടുന്നതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഈ സംഭവം ഏറ്റവും കുടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഡ്രൈവര്‍മാരായി മരണമടഞ്ഞത് 573 കേസുകളാണ്.
തൊട്ടുപിന്നില്‍ 226 പേരുമായി ഹരിയാനയും 219 പേരുമായി മദ്ധ്യപ്രദേശും നില്‍ക്കുന്നു. തമിഴ്നാട്ടില്‍ 187 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 34 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാനയാണ്. 51 മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ 78,810 ഡ്രൈവര്‍ മരണങ്ങളില്‍ ഏകദേശം 3% മാത്രമേ പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നുള്ളൂ.
2019 ല്‍ 18 വയസ്സില്‍ താഴെയുള്ള 2949 ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. 2020 ല്‍ 1578 പേരും കൊല്ലപ്പെട്ടു. പക്ഷേ ഇത് കോവിഡിന്റെ കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ്. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന് ശേഷം ഇത് വീണ്ടും കൂടി. 2021 ല്‍ 1,804 ആയിരുന്ന മരണം 2022 ല്‍ 3446 ലേക്കായിരുന്നു ഉയര്‍ന്നത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് തടഞ്ഞു വെയ്ക്കലുമാണ് നിര്‍ദേശം. ഗതാഗത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കും 25 വയസ്സ് വരെ ഡ്രൈവിംഗ് അല്ലെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിന് അര്‍ഹതയില്ലെന്നും നിയമം വ്യക്തമാക്കുന്നു.






