Breaking NewsIndiaLead NewsNEWS

മദ്യപിച്ച് ബഹളം, ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; ഡല്‍ഹി- കൊല്‍ക്കത്ത വിമാനം മൂന്ന് മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ 6ഇ6571 വിമാനത്തില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വ്യോമയാന പ്രോട്ടോക്കോള്‍ അനുസരിക്കാത്ത യാത്രക്കാരനെ കൊല്‍ക്കത്തയില്‍ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു. ക്യാബിന്‍ ക്രൂവിനോടും സഹ യാത്രികരോടും ഇയാള്‍ മോശമായി പെരുമാറി. തര്‍ക്കത്തെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി.

സംഭവം ഇങ്ങനെ:

Signature-ad

31ഡി സീറ്റിലിരുന്ന യാത്രക്കാരന്‍ മദ്യപിച്ചിരുന്നു. ഇയാള്‍ വിമാനത്തില്‍ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാള്‍ തര്‍ക്കിച്ചു. വിമാനം പറന്നുയര്‍ന്നതിനുപിന്നാലെ ഇയാള്‍ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. മദ്യം മണക്കുന്ന ഇയാളെ ജീവനക്കാര്‍ ചോദ്യംചെയ്തതോടെ ആ കുപ്പിയില്‍നിന്ന് ഇയാള്‍ പെട്ടെന്ന് കുടിച്ചു. ഇതോടെ കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയായിരുന്നു.

അതേസമയം, ഹര ഹര മഹാദേവ എന്ന ചോല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നാണ് യാത്രക്കാരന്റെ നിലപാട്. മതപരമായ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യാത്രയ്ക്കിടയില്‍ മദ്യപിച്ചിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ബീയര്‍ കുടിച്ചിരുന്നുവെന്നും അതിന്റെ റെസീറ്റ് കയ്യില്‍ ഉണ്ടെന്നും ഇയാള്‍ വാദിക്കുന്നു. ജീവനക്കാരും ഇയാളും പരസ്പരം പരാതി കൊടുത്തിട്ടുണ്ട്.

Back to top button
error: