‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍

ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന് ഇഷാന് തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന് തരൂര്‍. ‘ന്യൂസ്റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന് കുറിച്ചു.
‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന് ആയിരുന്നു.
അമേരിക്കന്‍ മാധ്യമലോകത്ത് ഒരു കാലഘട്ടത്തിന്റെ ചിഹ്നമായിനിന്ന @washingtonpost (ദി വാഷിംഗ്ടണ്‍ പോസ്റ്റ്) ഇന്ന് നിര്‍ണായക വഴിത്തിരിവിലൂടെയാണു കടന്നു പോകുന്നത്. മുപ്പതു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നിലവിലെ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ വേണ്ടിയാണ് ഈ ശ്രമമെന്ന് എക്സിക്യുട്ടീവ് എഡിറ്റര്‍ മാറ്റ് മറേ ജീവനക്കാര്‍ക്കു നല്കിയ സന്ദേശത്തില്‍ പറഞ്ഞു.
മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജീവനക്കാര്‍ക്ക് ഈ പിരിച്ചുവിടല്‍ നേരിടേണ്ടി വന്നത്. മറുപടികള്‍ തേടി അവര്‍ നിരവധി കത്തുകളും ഇമെയിലുകളും അയക്കുകയും ഉടമയായ ജെഫ് ബെസോസിനെ സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്യുകയും ചെയ്തെങ്കിലും അദ്ദേഹം മൗനം പാലിച്ചു. കമല ഹാരിസിനെ പിന്തുണച്ചുകൊണ്ടുള്ള എഡിറ്റോറിയല്‍ ബെസോസ് തടഞ്ഞതിനെത്തുടര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വലിയൊരു പ്രതിസന്ധി നേരിടുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഏകദേശം 2,50,000 മുതല്‍ 3,00,000 വരെ വരിക്കാര്‍ തങ്ങളുടെ അംഗത്വം റദ്ദാക്കി. റോബര്‍ട്ട് കഗന് ഉള്‍പ്പെടെയുള്ള പ്രമുഖ എഡിറ്റര്‍മാരും കോളമിസ്റ്റുകളും ഈ നീക്കത്തെ ഡൊണാള്‍ഡ് ട്രംപിനോടുള്ള ‘മുന്‍കൂട്ടിയുള്ള വിധേയത്വം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് രാജിവച്ചു. എന്നാല്‍, സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് ‘പക്ഷപാതപരമായ കാഴ്ചപ്പാട്’ ഉണ്ടാക്കുമെന്നും ഇത് അവസാനിപ്പിച്ചത് ‘തത്ത്വാധിഷ്ഠിതമായ തീരുമാനമാണെന്നും’ ബെസോസ് ലേഖനത്തിലൂടെ വാദിച്ചു.
ബെസോസിന്റെ ഇടപെടലുകള്‍ക്ക് പുറമെ, 2024-ല്‍ നിയമിതനായ സിഇഒ വില്‍ ലൂയിസിന്റെ നിലപാടുകളും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. യുകെയിലെ ഫോണ്‍ ഹാക്കിംഗ് വിവാദം മുതല്‍, സാമ്പത്തിക നഷ്ടം നികത്താന്‍ എഐ (AI), സര്‍വീസ് ജേണലിസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയൊരു ‘തേര്‍ഡ് ന്യൂസ് റൂം’ തുടങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമം വരെ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സാലി ബുസ്ബിയുമായി ലൂയിസ് കലഹിച്ചതും അത് അവരുടെ രാജിക്കിടയാക്കിയതും മാനേജ്മെന്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
മാത്രമല്ല, പത്രം 2023-ല്‍ 77 ദശലക്ഷം ഡോളറും 2024-ല്‍ 100 ദശലക്ഷം ഡോളറും വലിയ നഷ്ടം രേഖപ്പെടുത്തിയതോടെ ചെലവ് ചുരുക്കല്‍ നടപടികള്‍ അനിവാര്യമായി. കമ്പനിയുടെ ഘടന പഴയകാല പ്രിന്റ് മീഡിയയില്‍ അധിഷ്ഠിതമാണെന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി സ്പോര്‍ട്സ്, ബുക്സ്, മെട്രോ കവറേജ് തുടങ്ങിയ വിഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, രാഷ്ട്രീയം, ദേശീയ കാര്യങ്ങള്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പത്രത്തിന്റെ തീരുമാനം.
1877 -ല്‍ ആരംഭിച്ച പോസ്റ്റ്, ഒരു സാധാരണ പത്രമല്ല. വാട്ടര്‍ഗേറ്റ് അന്വേഷണത്തിലൂടെ അധികാരത്തെ ചോദ്യം ചെയ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായി മാറിയ സ്ഥാപനം. 76 പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പത്രം. ശക്തമായ എഡിറ്റിംഗ്, ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗ്, വിദേശ ബ്യൂറോകള്‍, ലോക്കല്‍ ന്യൂസിന്റെ ശക്തമായ നെറ്റ്വര്‍ക്ക് ഇതൊക്കെ ചേര്‍ന്നാണു പോസ്റ്റിന്റെ വിശ്വാസ്യത ബലപ്പെട്ടത്. സ്പോര്‍ട്, പുസ്തക നിരൂപണം, വിശകലനാത്മക റിപ്പോര്‍ട്ടുകള്‍ നല്കിയ പോഡ്കാസ്റ്റ്, ലോക്കല്‍ കവറേജ്, വിദേശ ബ്യൂറോകള്വഴിയുള്ള റിപ്പോര്‍ട്ടുകളും വെട്ടിച്ചുരുക്കി. ഇനി 12 ഇന്റര്‍നാഷണല്‍ ബ്യൂറോകള്‍ മാത്രമാണുണ്ടാകുക. യുക്രൈന് ബ്യൂറോ ചീഫിനെയും, മിഡില്‍ ഈസ്റ്റ് ബ്യൂറോയെയും ഒഴിവാക്കി.
ഇത് പോസ്റ്റിന്റെ മാത്രം കഥയല്ല. ലോകമാധ്യമങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയുടെ പ്രതിഫലനമാണ്. പരസ്യവരുമാനം കുറഞ്ഞു, സബ്സ്ക്രിപ്ഷന് മോഡല്‍ സമ്മര്‍ദ്ദത്തിലായി, ടെക് പ്ലാറ്റ്ഫോമുകളുടെ അല്‍ഗരിതങ്ങള്‍ ട്രാഫിക് മാതൃക മാറ്റി, എഐ കാലത്ത് വാര്‍ത്തയുടെ വിതരണവും ഉപഭോഗവും മാറി. ചെലവ് കുറച്ച് ‘മെയിന്‍ കവറേജ്’ നിലനിര്‍ത്താനുള്ള പ്രവണത പല സ്ഥാപനങ്ങളിലും ഉയരുകയാണ്.
പരമ്പരാഗത പത്ര വ്യവസായം നേരിടുന്ന നേരിടുന്ന പ്രതിസന്ധിയുടെ ഒരു ചൂണ്ടുപലകയാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സ്ഥിതി. ചുരുക്കി രക്ഷപ്പെടാമെന്നാണു മാനേജ്മെന്റ് വിശ്വസിക്കുന്നത്. എന്നാല്‍, ഇത് ഇതിഹാസ തുല്യമായൊരു മാധ്യമത്തില്‍നിന്ന് അവശ്യ ഘടകങ്ങളെ മുറിച്ചുമാറ്റുന്നതുപോലെയാണ് എന്നാണ്. എന്താണെങ്കിലും അമേരിക്കന്‍ മാധ്യമ വ്യവസായത്തിലെ ഏടായി മാറുമെന്നതില്‍ തര്‍ക്കമില്ല.
The Washington Post announced on Wednesday (Feb. 4) that the organisation laid off around one-third of its staff across all departments. The Executive Editor, Matt Murray, described the step as “painful” but necessary to secure the paper’s future. He told the employees the newspaper was undergoing a “strategic reset” to better position itself in a crowded environment. Murray said the Post’s international reporting will be scaled back, but about 12 bureaus will remain, focusing on national security issues. Its popular daily podcast, Post Reports, will also be suspended.






