പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണമാണ് കളവ് പോയത്, പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തന്ന് നോക്ക്, അടിമുടി മാറ്റമുണ്ടാക്കി കാട്ടിത്തരാം

കൊച്ചി: പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും സാബു എം. ജേക്കബും ആവശ്യപ്പെട്ടു. ശബരിമലയിലെ പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണം കളവുപോയ കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇവിടെ വന്നപ്പോൾ സിബിഐ. അന്വേഷണത്തിന് നിർദേശിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
ആഭ്യന്തരവകുപ്പിന് കീഴിലുള്ള എസ്‌ഐടിക്ക് സ്വതന്ത്രമായ അന്വേഷണത്തിന് പരിമിതികളുണ്ട്. അന്വേഷണം നന്നായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് മുന്നിൽവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. എസ്‌ഐടി തന്നെയാണ് രേഖകൾ നൽകിയിട്ടുള്ളതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലിനായി പകുതി പണം ചെലവാക്കാമെന്ന് സംസ്ഥാന സർക്കാർ പറയുന്നത്.
ഇത് ജനങ്ങളെ വഞ്ചിക്കലാണ്. ഇവർ എവിടുന്നെടുത്താണ് ഈ പണം നൽകുമെന്ന് പറയുന്നത്. 25 വർഷംമുൻപ് ആയിരം കോടിക്ക് തീരേണ്ടിയിരുന്ന പദ്ധതിയാണ് എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ഒന്നുമല്ലാതാക്കിയത്. അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തരൂ തങ്ങൾ അടിമുടി മാറ്റമുണ്ടാക്കി കാട്ടിത്തരാമെന്നും നേതാക്കൾ പറഞ്ഞു. വിവാദരാഷ്ട്രീയമല്ല വികസനരാഷ്ട്രീയമാണ് എൻഡിഎ മുന്നോട്ടുവെക്കുന്നത്. സീറ്റ് ആർക്കെന്നോ സ്ഥാനാർഥി ആരുടേതെന്നൊ നോക്കാതെ എൻഡിഎ ഒറ്റക്കെട്ടായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു.






