Breaking NewsLead NewsSportsTRENDING

‘ഇന്ത്യയുമായി കളിയില്ലെന്ന നിലപാടില്‍ മാറ്റമില്ല, തീരുമാനം എടുത്തത് ആലോചിച്ച് ഉറപ്പിച്ച്’; ഫെഡറല്‍ ക്യാബിനറ്റില്‍ പാക് പ്രധാനമന്ത്രി; രമ്യമായ പരിഹാരത്തിന് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഐസിസി

ഇസ്ലാമാബാദ്: ഐസിസി ട്വന്റി20 ലോകകപ്പില്‍ ഇന്ത്യപാക് പോരാട്ടമുണ്ടാകില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ഒരു നിലപാടേയുള്ളൂവെന്നും ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ ഇന്ത്യയ്‌ക്കെതിരേ നിശ്ചയിച്ച മല്‍സരം ടീം കളിക്കില്ലെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്നതില്‍ പാക്കിസ്ഥാനു കൃത്യവും വ്യക്തവുമായ നിലപാടുണ്ട്’- ഫെഡറല്‍ ക്യാബിനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പാക് പ്രധാനമന്ത്രി പറഞ്ഞു. നന്നായി ആലോചിച്ച് കൈക്കൊണ്ട തീരുമാനമാണിതെന്നും ഇതാണു ഈ സന്ദര്‍ഭത്തിലെ ഉചിതമായ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. ‘സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തിക്കൂട’ എന്നതാണ് പാക്കിസ്ഥാന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെയാണു ഞായറാഴ്ച പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കാരണം വ്യക്തമാക്കിയിരുന്നുമില്ല.

Signature-ad

പാക് സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ ‘സെലക്ടീവ്’ ആയി ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ ശരികേടുണ്ടെന്നും അത് ലോകകപ്പ് പോലെയുള്ള ഒരു ഇവന്റിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഐസിസി പ്രസ്താവന ഇറക്കി. സ്‌പോണ്‍സര്‍മാരെയും ഓഹരിയുടമകളെയും കൂടി പരിഗണിച്ചുള്ള രമ്യമായ പരിഹാരത്തിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിസി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് ഔദ്യോഗികമായ അറിയിപ്പ് ഐസിസി കാത്തിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ഒത്തൊരുമ, സ്ഥിരത, മാന്യമായ ഇടപെടല്‍, ആരോഗ്യകരമായ മല്‍സരം ഇവയൊക്കെയാണ് ഐസിസി ടൂര്‍ണമെന്റുകളുടെ അടിസ്ഥാനം. സെലക്ടീവ് പാര്‍ട്ടിസിപ്പേഷന്‍ ഇതിന്റെയെല്ലാം അന്തസത്തയെ തകിടം മറിക്കാന്‍ പോന്നതാണ് എന്നും ഐസിസി വ്യക്തമാക്കി.

സര്‍ക്കാരുകളുടെ ദേശീയ താല്‍പര്യ സംരക്ഷണത്തെ ഐസിസി ബഹുമാനിക്കുന്നുണ്ടെങ്കിലും അത് ആഗോള സ്‌പോര്‍ട്‌സിന്റെയും ലോകമെങ്ങുമുള്ള കായിക ആരാധകരുടെയും പ്രത്യേകിച്ചും പാക്കിസ്ഥാനില്‍ തന്നെയുള്ള ദശലക്ഷങ്ങളുടെയും താല്‍പര്യത്തിന് വിരുദ്ധമാകരുതെന്നാണ് ഐസിസിയുടെ ആഗ്രഹമെന്നും കുറിപ്പില്‍ പറയുന്നു.

പാക് സര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ട് രാജ്യത്തെ ക്രിക്കറ്റ് മേഖല നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിച്ച് പിസിബി ഉചിതായ തീരുമാനം അറിയിക്കുമെന്ന് കരുതുന്നുവെന്നും ഐസിസിയുടെ കുറിപ്പില്‍ പറയുന്നു. ലോകകപ്പിന്റെ സുഗമമായ നടത്തിപ്പാണ് ഐസിസിയുടെ ലക്ഷ്യമെന്നും അതിന് പിസിബി ഉള്‍പ്പടെ എല്ലാ ബോര്‍ഡുകളുടെയും സഹകരണം കൂടിയേ തീരൂവെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലദേശ് പ്രഖ്യാപിച്ചതിന് പിന്നാലെ ലോകകപ്പിനുള്ള ടീമുകളിലേക്ക് സ്‌കോട്‌ലന്‍ഡ് ഇടം പിടിച്ചു. ഇതോടെയാണ് ബംഗ്ലദേശിനെതിരെ ചിറ്റമ്മനയമാണ് ഐസിസി സ്വീകരിച്ചതെന്നും പകരം വേദിയായി ശ്രീലങ്ക അവര്‍ക്ക് അനുവദിക്കണമെന്നും പിസിബി നിലപാടെടുത്തത്. ഇല്ലെങ്കില്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നായിരുന്നു ഭീഷണി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലോകകപ്പ് കളിക്കുമെന്നും ഇന്ത്യയ്‌ക്കെതിരേ കളിക്കാനില്ലെന്നും പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പിന്നാലെ പാക് ടീം കൊളംബോയില്‍ എത്തുകയും ചെയ്തു. പിസിബിയാവട്ടെ ഇന്ത്യയ്‌ക്കെതിരെ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.

ഐസിസി ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ എട്ടുതവണയാണ് പാക്കിസ്ഥാന്‍ കളിച്ചിട്ടുള്ളത്. ഏഴിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഏഷ്യാക്കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ചപ്പോഴും ഫൈനലില്‍ ഉള്‍പ്പടെ പാക്കിസ്ഥാന്‍ തോറ്റു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും നമീബിയയും യുഎസ്എയും നെതര്‍ലന്‍ഡ്‌സും ഉള്‍പ്പെട്ട എ ടീമിലാണ് പാക്കിസ്ഥാന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: