പറഞ്ഞതെല്ലാം പടമോ? ‘എടീ’ എന്നു വിളിച്ച് അസഭ്യവര്‍ഷം; അമ്മയെ മര്‍ദ്ദിക്കുന്ന നടി ലൗലി ബാബുവിന്റ വീഡിയോ പുറത്ത്

പെറ്റമ്മയെ ശുശ്രൂഷിക്കാന്‍ വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനില്‍ അഭയം തേടിയ നടി ലൗലി ബാബുവിന്റെ ഒരു പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍, ഈ വീഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല. മക്കളും ഭര്‍ത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാന്‍ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയ ലൗലി ബാബു ഈയടുത്താണ് വാര്‍ത്തകളില്‍ നിറഞ്ഞത്. വയോധികരോട് ക്രൂരമായി പെരുമാറുന്ന മക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്ന ഈ കാലത്ത് ലൗലി ബാബുവിന്റെ കരുതലും സ്‌നേഹവും ഏറെ മാതൃകയാണെന്ന തരത്തില്‍ നിരവധി പേര്‍ അവരെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ഈ പുതിയ വഴിത്തിരിവ്.
നടന്‍ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചശേഷമാണ് നിരവധി മലയാള സിനിമകളില്‍ സഹനടി റോളില്‍ തിളങ്ങിയിട്ടുള്ള ലൗലി ബാബു ചര്‍ച്ചയാകുന്നത്. ഗാന്ധിഭവനില്‍ എത്തി ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് ഭര്‍ത്താവും മക്കളും നിര്‍ബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ കുറിച്ച് കൊല്ലം തുളസി പ്രസംഗത്തിനിടെ വാചാലനായത്. അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവു വരെ ആവശ്യപ്പെട്ടതായും പത്തനാപുരം ഗാന്ധി ഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ പങ്കുവച്ച വിഡിയോയില്‍ ലൗലി വെളിപ്പെടുത്തിയിരുന്നു.
ഒരുപാട് വെല്ലുവിളികളെ നേരിട്ടും സ്വന്തം അമ്മയെ സംരക്ഷിക്കാന്‍ ലൗലി എടുത്ത തീരുമാനം വ്യാപക പ്രശംസയ്ക്ക് വഴിയൊരുക്കി. 96 വയസ്സുള്ള അമ്മയെ സ്‌നേഹപൂര്‍വം പരിചരിക്കുന്ന ലൗലിയുടെ വിഡിയോയും വൈറലായിരുന്നു. എന്നാല്‍, ഇതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായ കാഴ്ചകളാണ് ഇപ്പോള്‍പുറത്തു വന്ന വിഡിയോയിലുള്ളത്. അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ ആണ് വിഡിയോയില്‍ കാണാനാവുക. ആരാണ് വിഡിയോ പകര്‍ത്തിയതെന്നും എവിടെ വച്ചു നടന്ന സംഭവമാണെന്നോ വ്യക്തമല്ല. ‘ആല്‍ഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിവാദ വിഡിയോ പുറത്തുവിട്ടത്.’നിങ്ങളുടെ വീട്ടില്‍ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാല്‍ നിങ്ങളെന്തു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ പല തരത്തിലുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പലരില്‍ നിന്നുള്ള മാനസികസംഘര്‍ഷം മൂലം അറിയാതെ ചെയ്തു പോയതാകും എന്നാണ് ചിലരുടെ പ്രതികരണം. മുന്‍പ് നല്‍കിയ അഭിമുഖങ്ങളില്‍ മാനസികമായി തകര്‍ന്നു പോയ അവസ്ഥയില്‍ അമ്മയെ ഉപദ്രവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ലൗലി തന്നെ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചാണ് ചിലര്‍ ലൗലിയെ പിന്തുണച്ചത്. കുട്ടികളും പ്രായമായവരും ഒരു പോലെയാണെന്നും അവരുടെ വാശികള്‍ നേരിടാനുള്ള ക്ഷമ ഇല്ലെങ്കിലും ആരുടെ മാനസികാവസ്ഥയും തെറ്റുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
‘ലൗലിയെ കുറ്റം പറയാന്‍ പറ്റില്ല, ചിലപ്പോള്‍ ഒരു നിമിഷനേരത്തെ നിയന്ത്രണം വിട്ടുപോയതാവാം. അതിന് പ്രായശ്ചിത്തമായി കുടുംബം ഉപേക്ഷിച്ച് കൂടെ നില്‍ക്കുന്നുണ്ടല്ലോ,’ എന്നും കമന്റുകളുണ്ട്. എന്നാല്‍, ലൗലിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവരും കുറവല്ല. ആരെയും വിശ്വസിക്കാന്‍ പറ്റില്ലെന്നും പലര്‍ക്കും ക്യാമറയ്ക്ക് മുന്നില്‍ ഒരു മുഖവും ക്യാമറയ്ക്ക് പിന്നില്‍ മറ്റൊരു മുഖവുമാണെന്ന് ഇക്കൂട്ടര്‍ പറയുന്നു.






