മാങ്കൂട്ടത്തിലിനെതിരെ നടപടി കടുത്തുപോയി, എ ഗ്രൂപ്പില്‍ പുനര്‍വിചിന്തനം; ആരോപണം അംഗീകരിച്ചത് സിപിഎമ്മിന് ആയുധമായെന്നും വിലയിരുത്തല്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇത്രയും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്ന് എ ഗ്രൂപ്പ്. നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി കടുത്തതാണെന്നും ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നുമാണ് വിലയിരുത്തല്‍.
ഇതുവരെ രേഖമൂലമുള്ള പരാതി ഇല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാല്‍ നടപടി അനിവാര്യമായിരുന്നെന്നാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നടപടിയിലൂടെ സാധിച്ചെന്നും സതീശന്‍ വിഭാഗം പറയുന്നു. സസ്‌പെന്‍ഡ് ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെതിരെ പോലും പ്രതിഷേധം ഉണ്ടായെന്നും നിയമസഭയില്‍ രാഹുലിനെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വനിതാനേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എം.എം ഹസന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പാര്‍ട്ടി നിലപാടെടുക്കുന്നതിന് മുന്‍പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റാണ്.പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.






