കുലുക്കി താഴെയിട്ടു, കുത്തിമലര്‍ത്തി; മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

ആലപ്പുഴ: ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരന് നായര്‍ (53) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാം പാപ്പാനായ പെരുനാട് പൊറ്റിന്‍കര പള്ളിക്കല്‍ നഗര്‍ സുനില്‍കുമാര്‍ (മണികണ്ഠന്-40) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആന സ്കന്ദനാണ് പാപ്പാന്മാരെ കുത്തിയത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11.30ഓടെ ആയിരുന്നു മുരളീധരന് നായര്‍ മരിച്ചത്.
മദപ്പാടിലായിരുന്ന സ്കന്ദനെ ഇന്നലെയാണ് ഒന്നാം പാപ്പാന് പ്രദീപും രണ്ടാം പാപ്പാന് സുനില്‍കുമാറും ചേര്‍ന്ന് അഴിച്ചത്. രാവിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിച്ച ശേഷം സമീപത്തുള്ള ഇല്ലത്തു തീറ്റ എടുക്കാന്‍ കൊണ്ടുപോയി. അവിടെ പുരയിടത്തില്‍ വച്ച് ആനപ്പുറത്ത് ഇരുന്ന രണ്ടാം പാപ്പാന് സുനില്‍കുമാറിനെ കുലുക്കി താഴെയിട്ടു കുത്തുകയായിരുന്നു.
വയറുഭാഗത്ത് കുത്തേറ്റ സുനില്‍കുമാറിനെ, ആനയെ പിന്തിരിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്. തുടര്‍ന്ന് ഇല്ലത്തെ പുരയിടത്തില്‍ ശാന്തനായി നിന്ന ആനയെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് എത്തിയ പാപ്പാന്മാരുടെ സംഘവും എലിഫന്റ് സ്ക്വാഡും ചേര്‍ന്ന് തളച്ചു. പരിശോധനയില്‍ ആന ശാന്തനായെന്നും അനുസരിക്കുന്നുണ്ടെന്നും മനസ്സിലായതോടെ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിലെ ആനത്തറിയിലേക്കു മാറ്റി. കാലുകള്‍ ചങ്ങലയും വടവും കൊണ്ടു ബന്ധിച്ച ശേഷമാണ് ആനയെ മാറ്റിയത്.
മദപ്പാടിലായ ആന പാപ്പാനെ താഴെയിട്ട് കുത്തി; പകരം വന്ന പാപ്പാനു നേരെയും ആക്രമണം
പാപ്പാന്മാര് പറയുന്നത് അനുസരിച്ചു മുന്നോട്ടു നടന്ന ആന ആനത്തറിക്കു സമീപത്തെ റോഡില്‍ എത്തിയപ്പോള്‍ പ്രകോപിതനായി പിന്നിലേക്ക് തിരിയുകയും ആനപ്പുറത്ത് ഇരുന്ന പാപ്പാന് മുരളീധരന് നായരെ കുലുക്കി താഴെയിട്ടു കുത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പാപ്പാന്മാര് ആനയെ പിന്തിരിപ്പിച്ച് മുരളീധരന് നായരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എലിഫന്റ് സ്ക്വാഡ് ആനയെ മയക്കുവെടി വച്ചു. റോഡില്‍ നിലയുറപ്പിച്ച ആനയെ പിന്നീട് പിന്നിലേക്ക് നടത്തി മണിക്കൂറുകളെടുത്താണ് ആനത്തറിക്കു സമീപം എത്തിച്ച് മരത്തില്‍ തളച്ചത്. അഞ്ചു വര്‍ഷം മുന്‍പ് ജയമോന് എന്ന രണ്ടാം പാപ്പാന് സ്കന്ദന്റെ കുത്തേറ്റു മരിച്ചിരുന്നു.






