ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം; രണ്ടു പവന്‍ കവര്‍ന്നു, അയലത്തെ ബേക്കറി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു. ഉള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു മോഷണം നടന്നത്. ആക്കുളം ലൈനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയാണ് മോഷണത്തിനിരയായത്. സ്വര്‍ണ മോതിരവും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്.
പ്രതിയെ തിരുവനന്തപുരം മെഡി.കൊളജ് പൊലീസ് പിടികൂടി.ആക്കുളം സ്വദേശി മധുവാണ് (58) അറസ്റ്റിലായത്. 65 കാരിയായ ഉഷാകുമാരിയുടെ ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്. ഉഷാകുമാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു ബേക്കറിയുണ്ട്. ഇവിടുത്തെ ജീവനക്കാരാണ് മധു.
തനിച്ച് താമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലെത്തി പ്രതി മോഷണം നടത്തുകയായിരുന്നു. സ്വര്‍ണവുമായി ഇയാള്‍ കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
തുടക്കത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടിയ പണം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.






