Breaking NewsCrimeLead NewsNEWS

കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടു? ജെയ്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, ശരീരം വെട്ടിക്കീറി കത്തിച്ചു; സ്വീകരണമുറിയിലെ രക്തത്തുള്ളി വഴിത്തിരിവായി

ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയെ പ്രതി സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയില്‍ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില സൂചനകളും നിര്‍ണായകമായി. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്നാണു സൂചന.

ഇയാളുടെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുറിച്ച മൃതദേഹഭാഗങ്ങള്‍ പല സ്ഥലത്തായി മറവു ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. വീട്ടുവളപ്പില്‍ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്.

Signature-ad

കത്തിക്കരിഞ്ഞ അസ്ഥികളില്‍ ഡിഎന്‍എ കണ്ടെത്തുന്നതു ശ്രമകരമായതിനാലാണു പരിശോധനാഫലം വൈകുന്നതെന്നാണു വിവരം. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയെ (ജെയ്ന്‍ മാത്യു 54) കാണാതായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യ (68) നെ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് ആലോചിക്കുന്നു.

മറ്റൊരു കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. സെബാസ്റ്റ്യനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയുന്ന തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച്. തെളിവുകള്‍ ശേഖരിച്ച ശേഷം ചേര്‍ത്തല മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കാനാണ് ആലോചന. അതേസമയം, ബിന്ദു പത്മനാഭന്റെ പേരില്‍ വ്യാജമുക്ത്യാര്‍ തയാറാക്കി സ്വത്തു വില്‍പന നടത്തിയ കേസിന്റെ വിചാരണയുടെ ഭാഗമായി സെബാസ്റ്റ്യനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അതേസമയം, മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ സംശയനിഴലിലുള്ള സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്വത്തും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നത്. കുത്തിയതോട് സ്വദേശിയായ നാല്‍പതുകാരിയെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഭര്‍ത്താവ് മരിച്ച ഇവര്‍ തനിച്ചാണു താമസിച്ചിരുന്നത്. 2021ല്‍ ധ്യാനകേന്ദ്രത്തില്‍ വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അവരെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.

 

 

Back to top button
error: