Breaking NewsLead NewsNEWSWorld

ഓ മൈ ഫ്രെണ്ടേ!!! ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ വൈകും; പ്രതിനിധി സംഘം ഉടനെത്തില്ല

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള (ബിടിഎ) അടുത്ത ഘട്ട ചര്‍ച്ചകള്‍ വൈകും. ചര്‍ച്ചയ്ക്കായി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്ചെയ്തു. കരാറിനായുള്ള ചര്‍ച്ചകള്‍ ഇതിനകം അഞ്ച് ഘട്ടം പിന്നിട്ടു കഴിഞ്ഞു. അടുത്തഘട്ടം ഓഗസ്റ്റ് 25 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി യുഎസ് ഉയര്‍ത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27-നാണ് നിലവില്‍ വരുന്നത്. അതിനുമുന്‍പ് വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Signature-ad

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍-ജൂലായ് കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21.64 ശതമാനം വര്‍ധിച്ച് 33.53 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. അതേസമയം ഇറക്കുമതി 12.33 ശതമാനം ഉയര്‍ന്ന് 17.41 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപാരം 12.56 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതോടെ ഈ കാലയളവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറി. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് ഇരുരാജ്യങ്ങളിലും പ്രതീക്ഷിച്ചിരുന്നത്.

ഇന്ത്യന്‍ കയറ്റുമതിക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ‘സ്വദേശി’ ഉല്‍പ്പന്നങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെടുകയും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

താരിഫില്‍ യുഎസുമായി ഉടക്കുമ്പോള്‍ ഇന്ത്യ-ചൈനാ ബന്ധം മെച്ചപ്പെടുന്നത് ഉറ്റുനോക്കുകയാണ് ലോകം. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ചൈനയിലേക്ക് പോവുകയാണ്. 2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. ഒടുവില്‍ അദ്ദേഹം ചൈന സന്ദര്‍ശിച്ചത് 2019-ല്‍ ആയിരുന്നു. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും.

Back to top button
error: