തൃശൂര്‍ സുരേഷ്ഗോപി എടുത്തതല്ല കട്ടതാണെന്ന് സിപിഎം, നടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരി ഓയില്‍ ഒഴിച്ചെന്ന് ആരോപിച്ച് സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ മറുപടി മാര്‍ച്ച്

തൃശൂര്‍: ഇരട്ടവോട്ട് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് ബിജെപിയുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. സുരേഷ്ഗോപിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചെന്നാണ് ആരോപണം.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ബിജെപി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബിന് തലയ്ക്ക് പരുക്കേറ്റതായും വിവരമുണ്ട്. സംഭവത്തില്‍ നഗരത്തില്‍ വന്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ സുരക്ഷകൂട്ടിയിട്ടുണ്ട്.
നേരത്തേ തൃശൂര്‍ സുരേഷ്ഗോപി എടുത്തതല്ല കട്ടതാണെന്ന് എഴുതിയ പ്ലക്കാര്‍ഡുമായി സിപിഎം പ്രവര്‍ത്തകര്‍ സുരേഷ്ഗോപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാര്‍ച്ചില്‍ തൃശൂര്‍ സുരേഷ്ഗോപി എടുത്തതല്ല കട്ടതാണെന്നും ജനാധിപത്യത്തിലെ കറുത്തപുള്ളിയായിട്ടാണ് സുരേഷ്ഗോപി മാറിയതെന്നും പറഞ്ഞിരുന്നു.






