Breaking NewsKeralaLead NewsNEWS

നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ഡോക്ടര്‍; ഒരു ദിവസത്തേക്ക് മാറ്റി, പിന്നാലെ മരണമെത്തി

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രി അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടെങ്കിലും ജോലിത്തിരക്കുമൂലം ആശുപത്രിയില്‍ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു.

അവസാനം അഭിനയിച്ച ‘പ്രകമ്പനം’ സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതല്‍ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. നെഞ്ചെരിച്ചില്‍ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. കുടുംബ ഡോക്ടര്‍ അഹമ്മദ് കാരോത്തുകുഴിയുമായി ഉടന്‍ ബന്ധപ്പെടാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

Signature-ad

അതനുസരിച്ചു രാവിലെ നവാസ്, ഡോ. അഹമ്മദിനെ ഫോണില്‍ വിളിച്ചു. ഗ്യാസിന്റെ പ്രശ്‌നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചില്‍ അല്ലെന്നും ഉടന്‍ ഏതെങ്കിലും ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് തടസ്സപ്പെടേണ്ട എന്നു കരുതിയാകാം രണ്ടും ചെയ്തില്ല.

അന്നു വീട്ടിലേക്കു മടങ്ങുന്നതിനാല്‍ പിറ്റേന്നു ഡോക്ടറെ കാണാമെന്നു കരുതിയതുമാകാം. പകല്‍ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തില്‍ രാഷ്ട്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്. 2 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുള്ളപ്പോഴാണ് വേര്‍പാട്.

 

Back to top button
error: