അമ്മയ്ക്കായി മൊഴിനല്‍കി ഏഴാം ക്ലാസുകാരനായ മകന്! അമ്മായിയച്ഛന്റെ ലൈംഗീകപീഡനം ഒരു വശത്ത്, മറുവശത്ത് സ്ത്രീധനപീഡനം; യുവതി സ്വയം തീകൊളുത്തി മരിച്ചു

ചെന്നൈ: ഭര്‍തൃപിതാവിന്റെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിലും വര്‍ഷങ്ങളായുള്ള ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിലും മനംനൊന്ത് യുവതി സ്വയം തീകൊളുത്തി മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ 32-കാരിയായ രഞ്ജിതയാണ് മരണപ്പെട്ടത്. 70 ശതമാനം പൊള്ളലേറ്റ രഞ്ജിതയെ മധുരയിലെ സര്ക്കാന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ നല്കിയ മരണമൊഴിയിലാണ് ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്.
ഭര്‍തൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയില്‍ പറയുന്നു. അമ്മ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ മകനും മൊഴിനല്‍കി. അതേസമയം, ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം മാത്രമല്ല രഞ്ജിതയ്ക്ക് നേരിടേണ്ടിവന്നിരുന്നതെന്നും ഭര്‍ത്താവും ബന്ധുക്കളും വര്‍ഷങ്ങളോളം സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
”13 വര്‍ഷം മുമ്പായിരുന്നു രഞ്ജിതയുടെ വിവാഹം. 13 വര്‍ഷമായി ഈ പീഡനം തുടരുന്നു. സ്ഥലവും കൂടുതല്‍ സ്വര്‍ണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പീഡനം. ഭര്‍തൃപിതാവ് അവളെ ലൈംഗികമായി പീഡിപ്പിച്ചു. അവള് അത് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് മദ്യപിക്കുകയും ശേഷം അവളെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു. ഒന്നും ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ കാണാന്‍പോലും അവര്‍ അവളെ അനുവദിച്ചിരുന്നില്ല. അങ്ങനെ ചെയ്താല്‍ അവളെ തിരികെ കൊണ്ടുപോകില്ലെന്നായിരുന്നു ഭീഷണി”, രഞ്ജിതയുടെ സഹോദരി അളഗസുന്ദരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ ലോക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.






