Breaking NewsCrimeLead NewsNEWS

പയ്യന് തന്നോട് വൈകാരിക അടുപ്പമെന്നും ഭാര്യയെന്നു വിശേഷിപ്പിച്ചെന്നും പ്രതി! 16 കാരനുമായുള്ള ബന്ധം പരസ്പര ഉഭയസമ്മത പ്രകാരം; പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം

മുംബൈ: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന കഴിഞ്ഞ വര്‍ഷം അധ്യാപിക സ്‌കൂളില്‍ നിന്നും രാജിവെച്ചിരുന്നു. അതിനാല്‍ തന്നെ വിദ്യാര്‍ഥി-അധ്യാപിക ബന്ധം അവിടെ ഉണ്ടായിരുന്നില്ലെന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ക്കായുള്ള പ്രത്യേക കോടതി വിശദമായ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ കുറ്റാരോപിതയായ സ്ത്രീയെ അത്രയും കാലം ജയിലില്‍ അടച്ചിടുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും പ്രത്യേക ജഡ്ജി സബീന മാലിക് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്നുകൂടി പരിഗണിച്ചാണ് കോടതി സ്ത്രീക്ക് ജാമ്യം അനുവദിച്ചത്.

Signature-ad

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ആകര്‍ഷിച്ച് മദ്യം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ മാസമാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യാപേക്ഷയില്‍, ആണ്‍കുട്ടിക്ക് തന്നോട് വൈകാരികമായി അടുപ്പമുണ്ടെന്നും തന്നെ ‘ഭാര്യ’ എന്ന് വിശേഷിപ്പിച്ചതായും അവര്‍ പറഞ്ഞു. വിദ്യാര്‍ഥി തനിക്ക് സ്‌നേഹ സന്ദേശങ്ങളും കുറിപ്പുകളും അയച്ചിട്ടുണ്ടെന്നും ശരീരത്തില്‍ തന്റെ പേര് പച്ചകുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. പോലീസ് പരാതിയില്‍ നിന്ന് ഈ വസ്തുതകള്‍ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും അവര്‍ ആരോപിച്ചു. ആണ്‍കുട്ടിയില്‍ നിന്ന് അകലം പാലിക്കാന്‍ 2024 ഏപ്രിലില്‍ സ്‌കൂളില്‍ നിന്ന് രാജിവച്ചതായും ജാമ്യാപേക്ഷയില്‍ പറയുന്നു.

പോലീസ് അറസ്റ്റിനുള്ള കാരണങ്ങള്‍ മറാഠിയിലാണ് നല്‍കിയതെന്നും വിവര്‍ത്തനം ചെയ്യാതെ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു എന്നുമുള്ള പ്രതിയുടെ വാദവും കോടതി ശ്രദ്ധിച്ചു. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും, തെളിവുകള്‍ നശിപ്പിക്കരുതെന്നും, കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിട്ടുപോകരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Back to top button
error: