KeralaNEWS

കൊച്ചി കപ്പലപകടം: മുങ്ങിയ കണ്ടെയ്നറുകളില്‍ എന്ത്? വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്നറുകളില്‍ എന്തായിരുന്നു. ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മെയ് 25 ലെ കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

Signature-ad

കപ്പല്‍ അപകടം സമുദ്രത്തെയും തീരദേശ പരിസ്ഥിതിയെയും ബാധിക്കുമെന്നുറപ്പാണ്. കപ്പലില്‍ നിന്നും ഒഴുകിപ്പോയ കണ്ടെയ്നറുകളിലെ ചരക്കുകളെക്കുറിച്ചും അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കില്‍, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കിലും, ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഫലപ്രദമായ ഒരു സംവിധാനം ഇപ്പോഴും നിലവിലില്ലെന്ന് ഹര്‍ജിക്കാരനായ ടി എന്‍ പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസ് കോടതിയുടെ പരിഗണനയിലുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചതിനുശേഷം കൂടുതല്‍ വാദം കേള്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയും ചെയ്തു.

മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ എംഎസ്‌സി എല്‍സ – 3 എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പല്‍ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്‌നറുകള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

 

Back to top button
error: