CrimeNEWS

റീയൂണിയനു കണ്ട കാമുകിക്കൊപ്പം കഴിയാന്‍ ആദ്യ ഭാര്യയെ കൊന്നു; ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെയും അയെയും: പ്രേംകുമാര്‍ എന്ന കൊടുംക്രിമിനല്‍

കൊച്ചി: തൃശൂര്‍ പടിയൂരില്‍ കാറളം വെള്ളാനി കൈതവളപ്പില്‍ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസില്‍ പ്രേംകുമാര്‍ കൊടുംക്രിമിനല്‍. കാമുകിക്കൊപ്പം കഴിയാന്‍ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തുന്നത്.

2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. 2019ല്‍ നടന്ന കൊലപാതകം ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് എന്ന പേരില്‍ വന്‍ വിവാദമായിരുന്നു.

Signature-ad

അന്ന് ഉദയംപേരൂര്‍ നടക്കാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും സുനിതയും. സ്‌കൂളില്‍ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയില്‍ ചേര്‍ന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേര്‍ന്ന് വീട് വാടകയ്ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞതോടെയാണ് അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് സെപ്റ്റംബര്‍ 20ന് പ്രേംകുമാര്‍ വിദ്യയുടെ ഫോണ്‍ എറണാകുളത്തു നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയില്‍ ഇട്ടു. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പ്രേമിന്റെ പ്രേരണയില്‍ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലര്‍ച്ചെ രണ്ടുമണിയോടെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മുകള്‍ നിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി.

മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്കു പോയി. മൃതദേഹം മറവു ചെയ്യാന്‍, പ്രേംകുമാര്‍ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. മൃതദേഹം വൈകിട്ട് പ്രേമും സുനിതയും ചേര്‍ന്ന് കാറില്‍ കൊണ്ടുപോയി. സുനിത പിന്‍സീറ്റില്‍ മൃതദേഹത്തിന്റെ തോളില്‍ കയ്യിട്ടിരുന്നു. തിരുനെല്‍വേലി നാഗര്‍കോവില്‍ ദേശീയപാതയില്‍ രാധാപുരം നോര്‍ത്ത് വള്ളിയൂരില്‍ ഏര്‍വാടി ഓവര്‍ബ്രിജിനു സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളി. ശേഷം വിദ്യയെ കാണാനില്ലെന്ന് സുനിതയ്‌ക്കൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസിന് സംശയം തോന്നി വിശദമായ അന്വേഷണം നടത്തിയത്.

തുടര്‍ന്ന് ഒളിവില്‍പോയ പ്രേംകുമാര്‍ തന്റെ മൊബൈല്‍ ഫോണില്‍നിന്ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ വാട്‌സാപ്പിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന് ശബ്‌സന്ദേശം അയച്ചിരുന്നു. ബഹ്‌റൈനിലേക്ക് കടക്കാന്‍ പ്രേംകുമാര്‍ ടിക്കറ്റടക്കം തയാറാക്കിയിരുന്നെങ്കിലും മക്കളെ അനാഥാലയത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈകിയതിനാല്‍ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം കുട്ടികള്‍ക്ക് അഡ്മിഷന്‍ എടുത്തതിനുശേഷം ബഹ്‌റൈനിലേക്ക് പോകാന്‍ പ്രതി ലക്ഷ്യമിട്ടെങ്കിലും അഡ്മിഷന്‍ എടുക്കാന്‍ അനാഥാലയത്തില്‍ നില്‍ക്കുമ്പോള്‍ പൊലീസെത്തി പിടികൂടുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: