CrimeNEWS

ബാലകൃഷ്ണന്റെ പ്രതികാരം; നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയ സഹപാഠിയുടെ പല്ലുകള്‍ 62 ാം വയസില്‍ അടിച്ചുകൊഴിച്ചു!

കാസര്‍ഗോഡ്: ജില്ലയുടെ മലയോര ഗ്രാമമായ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ വളരെ കൗതുകവും അപൂര്‍വവുമായ കേസാണ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയ സഹപാഠിയുടെ രണ്ടു പല്ലുകളും 62ാം വയസില്‍ അടിച്ചു കൊഴിച്ച് പകവീട്ടിയതാണ് കേസ്. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബുവിന്റെ (62) രണ്ട് പല്ലുകളാണ് സഹപാഠിയായ മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേര്‍ന്ന് അടിച്ചു പറിച്ചത്.

കുട്ടിക്കാലത്ത് ഉണ്ടായ തല്ലിനെ ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ബാബുവിനെ നാലാം ക്ലാസില്‍ വെച്ച് തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണന്‍ അക്രമിച്ചു. ഇതിനിടയില്‍ മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തി പരിക്കേല്‍പ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകളും കൊഴിയുകയും ചെയ്തു.

Signature-ad

മുഖത്തും പുറത്തും പരിക്കേറ്റ ബാബുവിനെ പൂങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ പരിക്ക് സാരമുള്ളതായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ജില്ല ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറും മറ്റു ചികിത്സ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല, തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാലോത്തുനിന്നും പൂടം കല്ലിലേക്കും അവിടെനിന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്കും അവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്കുമായി നൂറ് കിലോമീറ്ററാണ് ബാബുവിന് ചികിത്സക്കായി സഞ്ചരിക്കേണ്ടി വന്നത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌ഐ പി ജയരാജന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: