IndiaNEWS

മരിക്കുന്നതിന് തൊട്ടുമുന്‍പും കര്‍മനിരതന്‍; പാക് ഷെല്ലാക്രമണത്തില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിക്കൊപ്പം ജില്ലാ സന്ദര്‍ശനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നെന്നും താന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. രാജ് കുമാര്‍ ഥാപ്പയുടെ വീടിനുനേരെയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Signature-ad

അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി. ശ്രീനഗറില്‍ മൂന്നാം തവണയും സ്‌ഫോടനങ്ങളുണ്ടായി. ജമ്മു, ഉറി, കുപ്വാര എന്നിവിടങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.

പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളില്‍ സ്‌ഫോടനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്ന് പേരിട്ട പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു. അതിനിടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ ഈമാസം പതിനഞ്ച് വരെ അടച്ചു.

 

Back to top button
error: