എസ്.പി വെങ്കടേഷ് വിട പറഞ്ഞു; ഈണങ്ങളാൽ ഇന്ദ്രജാലം തീർത്ത സംഗീത സംവിധായകൻ

ചെന്നൈ : സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 70 വയസ്സായിരുന്നു. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1980 കളിലും 90 കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകരായ എസ് പി വെങ്കിടേഷ് 150ലധികം സിനിമകളിലെ ഗാനങ്ങൾക്ക് ഈണമൊരുക്കിയിട്ടുണ്ട്.
തെന്നിന്ത്യൻ ചലച്ചിത്രസംഗീത ലോകത്തെ അധികമാരിലൊരാളായിരുന്ന അദ്ദേഹം മനസിനെ കുളിരണിയിപ്പിക്കുന്ന ഈണങ്ങളാൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. മലയാള സിനിമാരംഗത്ത് പാട്ടുവസന്തം തീർത്ത ഈ സംഗീത സംവിധായകൻ്റെ എല്ലാ പാട്ടുകളും എന്നെന്നും നിലനിൽക്കും. ഏതൊരു മലയാളിയുടെയും ഇഷ്ടഗാന ലിസ്റ്റിൽ എസ്.പി വെങ്കടേഷിൻ്റെ ഈണത്തിൽ പിറന്ന പാട്ടുകളുണ്ടാവുമെന്നത് തീർച്ചയാണ്.
1971ൽ സംഗീത സംവിധായകന് വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായി എസ്.പി വെങ്കടേഷ് ചലച്ചിത്ര ലോകത്തെത്തിയത്. 1975ൽ കന്നഡ സിനിമകളിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലൻ എം.എയിൽ എ.ടി.ഉമ്മറിൻ്റെ അസിസ്റ്റൻ്റായി സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളിൽ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തിൽ കൂടുതൽ പരിചിതനാക്കിയത്.
തമ്പി കണ്ണന്താനത്തിൻ്റെ ‘രാജാവിൻ്റെ മകനിലെ’ സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ കോരിത്തരിപ്പിച്ചു. അതിനുപിന്നാലെ, വിളംബരം, വഴിയോരക്കാഴ്ചകൾ, നിർമ്മാണം, ഭൂമിയിലെ രാജാക്കന്മാർ, വ്യൂഹം, കുട്ടേട്ടൻ, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കർ, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാൽസല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാർ മത്തായി സ്പീക്കിംഗ്, മാന്ത്രികം, സ്ഫടികം എന്നിങ്ങനെ നിരവധി ജനപ്രിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങളൊരുക്കി. അദ്ദേഹം പിറവി കൊടുത്ത പാട്ടുകളിൽ സൂപ്പർ ഹിറ്റല്ലാത്തവ ഇല്ല എന്നു തന്നെ പറയാം. കാലമെത്രെ കഴിഞ്ഞാലും ആ പാട്ടുകൾ മരണമില്ലാതെ എന്നെന്നും ജീവിക്കും. ആ പാട്ടുകളിലൂടെ എസ് .പി വെങ്കിടേഷ് എന്ന അനശ്വര സംഗീത സംവിധായകനും.






