CrimeNEWS

ഇസ്രയേല്‍കാരിയായ ഭാര്യയെ കൊന്നു, സ്വയം കുത്തി മരിക്കാനും ശ്രമം; കേസ് തെളിയിക്കാനായില്ല, പ്രതിയെ വെറുതേവിട്ടു

കൊല്ലം: ഇസ്രയേല്‍ വംശജയായ ഭാര്യ സത്വയെ (35) കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഖത്തല സ്വദേശി കൃഷ്ണചന്ദ്രനെ (76) വെറുതേവിട്ടു. അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുബാഷാണ് വിധി പറഞ്ഞത്. ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോള്‍ 2023 നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം. സത്വ വിദേശത്തുനിന്ന് യോഗ പഠിക്കുന്നതിനായി ഋഷികേശിലെത്തിയപ്പോഴാണ് വിമുക്തഭടനായ കൃഷ്ണചന്ദ്രനെ പരിചയപ്പെട്ടത്.

ആദ്യ വിവാഹബന്ധം വേര്‍പെടുത്തി സന്ന്യസിക്കാനായി എത്തിയ കൃഷ്ണചന്ദ്രന്‍ യോഗ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ സത്വ പഠിക്കാനെത്തി. 15 വര്‍ഷം ഋഷികേശില്‍ ഇവര്‍ ഒന്നിച്ച് താമസിച്ചു. ഇസ്രയേലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സത്വ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ചു. 2022-ല്‍ കൃഷ്ണചന്ദ്രന് സോറിയാസിസ് പിടിപെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു.

Signature-ad

സംഭവദിവസം വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് കൃഷ്ണചന്ദ്രന്‍ സത്വയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വീട്ടില്‍ തിരിച്ചെത്തിയ ബന്ധു, പ്രതി കട്ടിലിലിരുന്ന് ശരീരത്തില്‍ സ്വയം കുത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് കണ്ടത്. സമീപം സത്വയെ മരിച്ചനിലയിലും കണ്ടെത്തി. കൊലപാതകത്തിനും ആത്മഹത്യശ്രമത്തിനും പോലീസ് പ്രതിക്കെതിരേ കുറ്റം ചുമത്തിയിരുന്നു.

മുന്‍പുണ്ടായ അപകടത്തിലെ അവശതകളും രോഗബാധയും കാരണമുള്ള കടുത്ത മാനസികസംഘര്‍ഷത്താലാണ് പ്രതി ആത്മഹത്യശ്രമം നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് ഈ കുറ്റത്തില്‍നിന്ന് പ്രതിയെ കോടതി ഒഴിവാക്കി. സാഹചര്യത്തെളിവുകള്‍ മാത്രമുണ്ടായിരുന്ന കേസില്‍ പ്രതിക്കെതിരേ സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരായ ജയന്‍ എസ്. ജില്ലാരിയോസ്, കല്ലുംതാഴം ഉണ്ണിക്കൃഷ്ണന്‍, ചവറ പ്രവീണ്‍കുമാര്‍, പ്രിയ ജി. നാഥ് എന്നിവര്‍ പ്രതിക്കുവേണ്ടി ഹാജരായി.

Back to top button
error: