CrimeNEWS

ബി.ജെ.പി.ക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; സിപിഎമ്മുകാരന് 33 വര്‍ഷം കഠിനതടവ്

തൃശൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴുമാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കിവീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.

പാവറട്ടി പെരിങ്ങാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതി ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്.

Signature-ad

2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടി.

മരിച്ചെന്നു കരുതി കാറില്‍ത്തന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ്, അക്രമികള്‍ പോയശേഷം വീടിനു പുറത്തേക്ക് ഇഴഞ്ഞുവരുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

കാലങ്ങളായി മുല്ലശ്ശേരി, തിരുനെല്ലൂര്‍ ഭാഗങ്ങളില്‍ നടന്നുവന്ന ആര്‍.എസ്.എസ്., സി.പി.എം. സംഘട്ടനങ്ങളെത്തുടര്‍ന്നുള്ള രാഷ്ട്രീയവൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പിഴസംഖ്യ പരിക്കേറ്റ വിഷ്ണുപ്രസാദിന് നല്‍കാന്‍ വിധിയില്‍ പറയുന്നു.

പാവറട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അരുണ്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ. ബാലകൃഷ്ണന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. രജിത്കുമാര്‍ ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: