തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന് സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പുതുതായി നിര്‍മിച്ച കല്ലറയില്‍ സംസ്കരിച്ചു. ആദ്യം നിര്‍മിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ ഭൗതികശരീരം സംസ്കരിച്ചത്. ഇതിനുശേഷം ഇവിടെ ആരാധനയും തുടങ്ങി. അച്ഛനെ സമാധിത്തറയില്‍ സമാധി ഇരുത്തുകയായിരുന്നുവെന്ന് ഗോപന്റെ മക്കളായ സനന്ദന്‍, രാജസേനന് എന്നിവര്‍ പറഞ്ഞു.
‘ഋഷിപീഠ’മെന്ന പേരാണ് കല്ലറയ്ക്ക് നല്‍കിയിരിക്കുന്നത്. പഴയ കല്ലറ വ്യാഴാഴ്ച പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നെയ്യാറ്റിന്‍കര നിംസ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നാമജപയാത്രയായിട്ടാണ് മൃതദേഹം ആറാലുംമുംമൂട്ടിലെ വീട്ടുവളപ്പില്‍ എത്തിച്ചത്. സന്യാസിമാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ചെങ്കല്‍ മഹേശ്വരം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, ചെങ്കല്‍ ക്ഷേത്രം മേല്‍ശാന്തി കുമാര്‍ മഹേശ്വരം, കാശിലിംഗ ഗുരുസ്വാമി സമാധി ധര്‍മ മഠം മഠാധിപതി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവര്‍ കാര്‍മികരായി.
ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന അറയിലായിരുന്നു നേരത്തേ ‘സമാധി’യിരുത്തിയതെങ്കില്‍ പഴയതിന്റെ ഇരട്ടിയിലധികം വലുപ്പത്തിലാണ് പുതിയ കല്ലറ നിര്‍മിച്ചത്. പീഠപൂജ ചെയ്ത് ഭസ്മവും, പച്ചകര്‍പ്പൂരവും ഇട്ട ശേഷം മൃതദേഹം ഭസ്മം കൊണ്ടു മൂടി. മകന് സനന്ദന്‍ ഉള്‍പ്പെടെ 3 പേരാണ് കല്ലറയില്‍ ഇറങ്ങിയത്. 500 കിലോ ഭസ്മവും 50 കിലോ പച്ച കര്‍പ്പൂരവുമാണ് ആദ്യമെത്തിച്ചത്. തികയില്ലെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും 200 കിലോ പച്ച കര്‍പ്പൂരവും അധികം വാങ്ങി. വിവാദമായപ്പോള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്നും പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും സനന്ദന്‍ അറിയിച്ചു.