KeralaNEWS

മരിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത നല്‍കി, ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റാനെടുത്തതും ജീവന്റെ തുടിപ്പ്

കണ്ണൂര്‍ : മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറുപത്തേഴുകാരന് പുതുജീവന്‍. കൂത്തുപറമ്പ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നതായിരുന്നു. മൃതദേഹം മാറ്റാന്‍ വന്ന സൂപ്പര്‍ വൈസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യന്‍ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും.

മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില്‍ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു.

Signature-ad

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോര്‍ച്ചറിക്ക് മുന്നില്‍ എത്തിച്ചത്. ജയനും അനൂപും ചേര്‍ന്ന് സ്ട്രച്ചറുമായി ആംബുലന്‍സില്‍ കയറി മൃതദേഹം അതിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ശരീരത്തിന് ചലനമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളോട് വിവരം പറഞ്ഞശേഷം ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. നിലവില്‍ ഗ്യാസ്ട്രോ ഐ.സിയുവില്‍ ചികിത്സയിലാണ് പവിത്രന്‍. ശ്വാസംമുട്ടലും വൃക്ക സംബന്ധമായ അസുഖവും കാരണം മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം, പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോര്‍ച്ചറി സൗകര്യം നല്‍കിയതെന്ന് എ.കെ.ജി .ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണവാര്‍ത്ത അറിഞ്ഞ് ബന്ധുക്കള്‍ മോര്‍ച്ചറിക്ക് മുന്നില്‍ എത്തിയിരുന്നു. മരണ വാര്‍ത്ത പത്രങ്ങള്‍ക്ക് നല്‍കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Back to top button
error: